റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന റവന്യൂ വകുപ്പ് പ്രഖ്യാപിച്ച മികച്ച കളക്ട്രേറ്റിനുള്ള റവന്യു പുരസ്കാരം തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സംഘവും ചേർന്ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. വിവിധ റവന്യു, ജില്ലാ ഭരണ നിർവ്വഹണ സൂചികകളിലെ മികച്ച പ്രവർത്തനങ്ങൾക്കാണ് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് അംഗീകാരം ലഭിച്ചത്.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുത്ത തൃശ്ശൂർ വില്ലേജ് ഓഫീസിനുള്ള പുരസ്കാരവും, മികച്ച ഡെപ്യൂട്ടി കളക്ടർമാർക്കുള്ള പുരസ്കാരം ഡി. അമൃതവല്ലി, ഡോ. എം.സി റെജിൽ എന്നിവരും മികച്ച തഹസിൽദാർമാർക്കുള്ള പുരസ്കാരം സുനിതാ ജേക്കബ്, സി.ആർ ജയന്തി എന്നിവരും, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്കാരം ഒല്ലൂർ വില്ലേജ് ഓഫീസർ വി.എ അരുൺ കുമാർ, കാട്ടൂർ വില്ലേജ് ഓഫീസർ ആശ ഇഗ്നേഷ്യസ്, മുരിയാട് വില്ലേജ് ഓഫീസർ സിജു ജോസഫ് എന്നിവരും ഏറ്റുവാങ്ങി.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷതവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, എം.എൽ.എ ആന്റണി രാജു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ പങ്കെടുത്തു.
