പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ വിരിയിച്ച കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കിറക്കി. ഗോകുലം ഫിഷിംഗ് ഗ്രൂപ്പിലെ മത്സ്യത്തൊഴിലാളികൾക്ക് കടപ്പുറത്ത് നിന്നും ലഭിച്ച കടലാമ മുട്ടകളെയാണ് തൊഴിലാളികൾ ചേർന്ന് ഒന്നരമാസക്കാലം സംരക്ഷണമൊരുക്കി വിരിയിച്ചെടുത്തത്. 230 മുട്ടകളിൽ നൂറോളം മുട്ടകളാണ് വിരിഞ്ഞത്.
കൗതുക കാഴ്ച കാണാൻ കുട്ടികളിൽപ്പെടെ നിരവധി നാട്ടുകാരാണ് ബീച്ചിലെത്തിയത്. ആഴക്കടലിൽ മാത്രം വസിക്കുന്ന കടലാമകൾ മുട്ടയിടാൻ മാത്രമാണ് കരയിലെത്തുക, മുട്ടയിടൽ കഴിഞ്ഞാൽ തിരികെ പോവുകയും ചെയ്യും. തള്ളയാമയുടെ യാതൊരു പരിചരണമോ സംരക്ഷണമോ ഇല്ലാതെയാണ് മുട്ടകൾ വിരിയുകയും കുഞ്ഞുങ്ങൾ വളരുകയും ചെയ്യുക.
