തൃപ്രയാർ : പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കാനായി സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ വലപ്പാട് ബീച്ച് ജിഡിഎം എൽപി സ്കൂളിൽ നിർമിച്ച കുട്ടികളുടെ പാർക്ക് തുറന്നു. സി. സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പാർക്ക് ഒരുക്കിയ ആർട്ടിസ്റ്റ് വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.
വിദ്യാലയത്തിൽ നിന്നും പോകുന്ന കെജി അധ്യാപികമാരായ പാർവതി ദിലീപ്, സി.ഡി. ദിവ്യ എന്നിവർക്കുള്ള ഉപഹാരവും എം എൽ എ സമ്മാനിച്ചു. സ്കൂൾ വികസന സമിതി വർക്കിങ്ങ് ചെയർമാൻ ആർ.ആർ. സുബ്രഹ്മണ്യൻ, ഹെഡ്മാസ്റ്റർ സി.കെ. ബിജോയ്, ഗ്രാമ പഞ്ചായത്തംഗം രശ്മി ഷിജോ, വിജിത ഹരിലാൽ, സരിത രാജു, സബിത കലേഷ്, ഷാനി അസീസ്, സി.ബി. സിജ എന്നിവർ സംസാരിച്ചു. രണ്ടരലക്ഷം രൂപ ചിലവഴിച്ചാണ് പാർക്ക് നിർമിച്ചത്.
