എരുമപ്പെട്ടി : മങ്ങാട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു. ഒറ്റപ്പാലം പുത്തൻപീടികയിൽ സുനൈന ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെ മങ്ങാട് സെന്റ് ജോർജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്.
ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന ആൾട്ടോ കാർ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ടാറ്റാ കർവ് കാറിൽ ഇടിക്കുകയായിരുന്നു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തൻപീടികയിൽ ഹക്കീം, സമദ്, ഷൗജത, ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
പരുക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് ആംബുലൻസ് പ്രവർത്തകരും 108 ആംബുലൻസ് പ്രവർത്തകരും ചേർന്നാണ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒറ്റപ്പാലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
