അന്തിക്കാട് : ഇന്ന് (16.10.2025) രാവിലെ 07.00 മണിക്ക് അന്തിക്കാട് വന്നേരിമുക്ക് സ്വദേശിയായ വയോധിക താമസിക്കുന്ന വന്നേരിമുക്കിലുള്ള വീട്ടിൽ അതിക്രമിച്ച് കടന്ന് വാതിലിൽ ഉറക്കെതട്ടിയും അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രതിയായ എറണാകുളം, ചേരാനല്ലൂർ ചങ്ങാനത്ത് വീട്ടിൽ മുർഷാദ് ( 36 വയസ്സ്) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിൽ ആരുമില്ലാത്തതിനാൽ വയോധിക സഹോദരനെ ഫോൺ വിളിക്കുകയും സഹോദരൻ അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട എമർജൻസി നമ്പർ 112-ലേക്ക് വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അന്തിക്കാട് പോലീസ് സ്റ്റേഷൻ വാഹനം വെറും 5 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ സബിത്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഏത് അടിയന്തര സാഹചര്യങ്ങളിലും 112 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
തൃശ്ശൂർ റൂറൽ ജില്ലയിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലാണ് അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ERSS) കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
