തൃശൂർ സ്വദേശിനിയെ ഓൺലൈൻ ടാസ്‌കിലൂടെ മികച്ച ലാഭം കൈക്കലാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളിലായി പണം അയപ്പിച്ചു കൈക്കലാക്കി 8,69000/- രൂപ തട്ടിപ്പുനടത്തിയ കേസിലെ പ്രതിയായ ഉത്തർപ്രദേശ് ലക്നൌവിലെ ക്യാംപ് വെൽ റോഡിലെ റിഫ കോളനി സ്വദേശിയായ മുഹമ്മദ് സെയ്ത് (28) എന്നയാളെയാണ് സൈബർ ക്രൈം പോലീസ് അതിവിദഗ്ദമായി പിടികൂടിയത്.
18.06.2024 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ബ്രാൻറിങ്ങ് എക്സ്പേർട്ട്സ് കമ്പനിയുടെ അധികാരികളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വിളിക്കുകയായിരുന്നു. ഓൺലൈൻ ടാസ്‌കിലൂടെ മികച്ച ലാഭം ഉണ്ടാക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് കമ്പനിയുടെ പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ ടാസ്ക് ചെയ്യുന്നതിനെ പറ്റി മെസേജ് അയക്കുകയും ഗൂഗിൾ മാപ്പ് റിവ്യൂ ചെയ്യുകയാണ് ടാസ്ക‌് എന്നും വിശദീകരിച്ച് അതിലേക്കായി ടെലഗ്രാമിൻറെ ലിങ്ക് അയച്ചുനൽകുകയും
ലിങ്കിൽ കയറി ഗ്രൂപ്പ് ടാസ്ക് ചെയ്താൽ നാല്പത് ശതമാനം കമ്മീഷൻ ലഭിക്കുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് ടാസ്‌ക് പൂർത്തീകരിക്കുന്നതിനായി യുവതിയുടെ ബാങ്ക് അക്കൌണ്ടിൽ നിന്നും വിവിധ ഘട്ടങ്ങളിലായ എട്ട് ലക്ഷത്തി അറുപത്തി ഒൻപതിനായിരം രൂപ 8,69000/- രൂപ കൈക്കലാക്കി അയച്ചുകൊടുത്ത് ലാഭമോ വാഗ്ദാനം ചെയ്‌ത തുകയോ തുകയോ തിരിച്ചു നൽകാതെ തട്ടിപ്പുനടത്തുകയായിരുന്നു. ഇക്കാര്യത്തിന് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസിൽ പരാതി നൽകുകയും പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
പിന്നീടു നടന്ന വിശദമായ അന്വേഷണത്തിൽ ഉത്തർപ്രദേശിലാണ് പ്രതിയുള്ളതെന്ന് വ്യക്തമായതോടെ സൈബർ ക്രൈം പോലീസ് അന്വേഷണ സംഘം ഉത്തർപ്രദേശിലേക്ക് തിരിക്കുകയും പിന്നീടു ഉത്തർ പ്രദേശിലെ താഗൂർഗഞ്ച് പോലീസിൻറെ സഹായത്തോടെ സാങ്കേതികവും അതിവിദഗ്‌ധവുമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്‌ടർ സുധീഷ്‌കുമാർ, സബ് ഇൻസ്പെക്ടർ കൃഷ്‌ണപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് ശങ്കർ, സിവിൽ പോലീസ് ഓഫീസർ അഷ്റഫ്, ദീപക്, ദേവാനന്ദ് അനീഷ് ഷിനിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
