തിരുവനന്തപുരം : വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ വിദ്യാർത്ഥികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും, നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ചുട്ടുപൊള്ളുന്ന വേനൽച്ചൂട് കണക്കിലെടുത്ത് സർക്കാർ തൊഴിലാളികൾക്കായി പോലും പുതുക്കിയ ജോലി സമയക്രമം നടപ്പിലാക്കിയ സാഹചര്യത്തിൽ, കുട്ടികളെ സ്കൂളുകളിലേക്ക് വിളിപ്പിക്കുന്നത് അവരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ പഠനാന്തരീക്ഷം ഈ കടുത്ത ചൂടിൽ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം, കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആര്‍ക്കും അവകാശമില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്.
