തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മന നമ്പൂതിരിപ്പാട് അനിപ്രകാശിന്റെ മുഖ്യകാർമ്മികത്വത്തിൽ 1008 നാളികേരം, കരിമ്പ്, തേൻ,തുടങ്ങിയ വ ഹോമിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു.
രാവിലെ 9 മണിയോടെ ക്ഷേത്രം ശാന്തി ശ്രീരാമൻ കൊടുങ്ങല്ലൂർ ദേവസ്വം കൊമ്പൻ ദേവിദാസന് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കം കുറിച്ചു. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് സി രവീന്ദ്രൻ, ക്ഷേത്രം മാനേജർ കെ.വി വിനീത, എം എൽ എ ഗീത ഗോപി, നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് പി.വിനു മറ്റു ജനപ്രതിനിധികൾ, ആന പ്രേമികൾ, ഭക്തർ എന്നിവരും ആനകളെ വിരുന്നൂട്ടി.
എറണാകുളം ശിവകുമാർ ഊക്കൻ കുഞ്ചു തുടങ്ങി 25 ആനകളാണ് ഊട്ടിൽ പങ്കെടുത്തത്. ആനകൾക്ക് ഔഷധ കൂട്ടുകളടങ്ങിയ ചോറും തണ്ണിമത്തൻ, കരിമ്പ്, വെള്ളരിക്ക, ചോളം, പഴം തുടങ്ങിയ വിഭവങ്ങളും നൽകി. ആയൂട്ടിന്റെ ഭാഗമായി നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്.
