കാഞ്ഞാണി : പിതാവിനൊപ്പം ബസ്സിൽ കയറി ബസിൽ വച്ച് തളർന്ന് അബോധാവസ്ഥയിലായി ഒരുപാട് ദൂരം സഞ്ചരിച്ച വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ച് വീട്ടുകാരെത്തുന്നതുവരെ സംരക്ഷണം ഏറ്റെടുത്തത് സ്വകാര്യ ബസിലെ കണ്ടക്‌ടർ.
യാത്രയ്ക്കിടെ സുഖമില്ലാതായ മണലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിക്കാണ് തൃശ്ശൂർ-വാടാനപ്പള്ളി റൂട്ടിലോടുന്ന ശ്രീറാം ബസിലെ കണ്ടക്ടർ ചേറ്റുവ അഞ്ചാംകല്ല് സ്വദേശി സുമേഷ് തുണയായത്.
ഇന്നലെ (ചൊവ്വ) രാവിലെ ഒമ്പതോടെ നടുവിൽക്കരയിൽനിന്ന് അച്ഛനോടൊപ്പമാണ് വിദ്യാർഥി തൃശ്ശൂരിലേക്ക് പോയിരുന്ന ബസിൽ കയറുന്നത്. തൃക്കുന്നത്ത് മൂന്നുംകൂടിയ സെന്റർ ബസ്‌സ്റ്റോപ്പിൽ എത്തിയപ്പോൾ അച്ഛൻ മുൻസീറ്റിൽ ഇരുന്ന മകളെ വിളിച്ചെങ്കിലും മകൾ കേട്ടില്ല. ബസിൽ നല്ല തിരക്കായതിനാൽ മകൾക്ക് ഇറങ്ങാനായില്ലെന്നാണ് അച്ഛൻ കരുതിയത്. തൊട്ടടുത്ത സ്റ്റോപ്പായ കാഞ്ഞാണി ബസ്‌സ്റ്റാൻഡിൽ ഇറങ്ങിനിന്നാൽ മതിയെന്ന് അച്ഛൻ വിളിച്ചുപറഞ്ഞു.
എന്നാൽ, വിദ്യാർഥി ബസിൽ തളർന്നുകിടക്കുകയായിരുന്നു. സമീപത്തിരുന്നവർ ഉറങ്ങുകയാണെന്നാണ് കരുതിയത്. ബസ് തൃശ്ശൂരിൽ എത്തിയപ്പോൾ അടുത്തിരുന്ന സ്ത്രീ എഴുന്നേറ്റപ്പോഴാണ് ബോധം നഷ്ടപ്പെട്ടതാണെന്നറിയുന്നത്. സീറ്റിൽ കിടക്കുന്ന കുട്ടിയെ കണ്ട കണ്ടക്ടർ സുമേഷ് ബസ് ജില്ലാ ആശുപത്രിക്കു മുന്നിൽ നിർത്താൻ ആവശ്യപ്പെട്ടു.
തുടർന്ന് ഓടിപ്പോയി സ്‌ട്രെച്ചർ കൊണ്ടുവന്ന് അത്യാഹിതവിഭാഗത്തിലെത്തിച്ചു. കുട്ടിയുടെ സ്കൂൾ ഐ.ഡി. കാർഡിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ച് സ്‌കൂൾ അധികൃതരുമായി സംസാരിച്ച് രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. വീട്ടുകാർ എത്തി കുട്ടിയുടെ ചുമതല അവരെ ഏൽപ്പിച്ചശേഷമാണ് ബസ് സർവീസ് പുനരാരംഭിച്ചത്.
