വാടാനപ്പള്ളി : ഗണേശമംഗലം, പൊക്കാഞ്ചേരി ബീച്ചുകളിൽ കടലാക്രമണം. 50 ഓളം വീടുകൾ വെള്ളത്തിലായി. ഒരു വീടിന്റെ മേൽക്കൂര തകർന്നു. ഒട്ടേറെ തെങ്ങുകൾ കട പുഴകി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും വൈകീട്ടുമാണ് കടലാക്രമണം രൂക്ഷമായത്.
അറക്കവീട്ടിൽ മറിയയുടെ വീടിനാണ് നാശം ഉണ്ടായത്. വാടാനപ്പള്ളി പഞ്ചായത്തിലെ ഒന്ന്, 17, 18 വാർഡുകളിലാണ് കടലാക്രമണം. കടൽ ഭിത്തി തകർത്താണ് നിരയടിച്ച് വെള്ളം കരയിലേക്ക് കയറിയത്. സിവാൾ റോഡും ഒലിച്ചുപോയി. വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങൾ വീടൊഴിഞ്ഞുപോയി.
ബന്ധുക്കളുടെ വീടുകളിലേക്കാണ് മാറിയത്. കുടിവെള്ളം മലിനമായതുമൂലം ദുരിതം ഇരട്ടിയായി. ഫസൽ നഗർ, സൈനുദ്ദീൻ നഗർ, സൗഹൃദ നഗർ, തക്ഷശില പരിസരം, എ.കെ.ജി. നഗർ എന്നിവിടങ്ങളിലാണ് വലിയതോതിൽ കടലേറ്റമുണ്ടായത്.
