ഗുരുവായൂർ : ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളിൽ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവർച്ച പതിവാക്കിയയാൾ പിടിയിൽ.
താനൂർ സ്വദേശി മൂർക്കാടൻ പ്രദീപിനെ(45)യാണു ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോൾ താമസം.
ഗുരുവായൂരിൽ മാത്രം വിവിധയിടങ്ങളിൽനിന്ന് 15 പവനിലേറെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. ഇതിൽ 10 പവനോളം സ്വർണം കണ്ടെത്തി. മോഷ്ടിച്ചവ വിൽക്കാൻ സഹായിച്ച ബേപ്പൂർ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവിധ സ്റ്റേഷനുകളിൽ 17 മോഷണക്കേസുകളിൽ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്‌ച ഗുരുവായൂർ തെക്കേനടയിൽ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവർന്നു. അതേ ദിവസംതന്നെ പരിസരത്തെ വീടുകളിൽ മോഷണത്തിന് ശ്രമിച്ചു. സി.സി.ടി.വി.യിലെ ദൃശ്യങ്ങൾവെച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
