ചാലക്കുടി നഗരത്തിൽ വ്യാഴാഴ്ച്ച വൈകീട്ട് കുളങ്ങര വീട്ടിൽ സുചീന്ദ്രൻ (46)
എന്ന വ്യക്തിയെ കത്തി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിച്ച വെള്ളാഞ്ചിറ സ്വദേശി പുത്തൂർ കൈതക്കോടൻ വീട്ടിൽ ഷെബിനെ (36) പോലീസ് അറസ്റ്റു ചെയ്തു.
മോട്ടോർ സൈക്കിൾ പണയം വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷ തൊഴിലാളി സുചീന്ദ്രൻ്റെ വലതു കൈയ്യിനാണ് മുറിവേറ്റത്.
പരിക്കേറ്റതിനെ തുടർന്ന് സുചീന്ദ്രൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞയുടനെ ചാലക്കുടി പോലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ പിടികൂടി വധശ്രമത്തിന് കേസെടുത്തു.
ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം കെ സജീവൻ, എസ് ഐ ഇ ആർ സിജുമോൻ, സീനിയർ സി പി ഒ ബൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് മദ്യ ലഹരിയിൽ അക്രമാസക്തനായ പ്രതിയെ പിടികൂടിയത്. ഷെബിൻ പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ കവർച്ച കേസിലും പ്രതിയാണ്.
