തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്തിന്റെ തൃപ്രയാർ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം സിപിഎം പഞ്ചായത്ത് ഭരണസമിതി പെരുവഴിയിലാക്കിയിരിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പറഞ്ഞു. ബസ്റ്റാൻഡ് നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് ഭരണം നോക്കുകുത്തിയായി നിലനിൽക്കുകയാണ്.
നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അലോട്ട്മെന്റോ ഭരണാനു മതിയോ സാങ്കേതിക അനുമതിയോ ലഭ്യമായിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ പഞ്ചായത്ത് ഭരണസമിതിക്ക് മിണ്ടാട്ടമില്ല. നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് കൂട്ടിച്ചേർത്തു.
ബസ്റ്റാൻഡ് നിർമ്മാണത്തിനു ഭരണാനുമതി ഇല്ലാതെ ബസ്റ്റാൻഡ് പൊളിക്കുകയും പൊളിച്ചിട്ട ബസ്റ്റാൻഡ് നിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മറ്റി ബസ്റ്റാൻഡ് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.
പുതിയ ബസ്റ്റാൻഡ് നിർമാണത്തെ സംബന്ധിച്ച് എബിസിഡി അറിയാത്ത സിപിഎം പഞ്ചായത്ത് ഭരണസമിതി ജനങ്ങൾക്ക് ദുരിതമാണ് സമ്മാനിക്കുന്നതെന്ന് ആമുഖപ്രഭാഷണം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു പുത്തൂർ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധ പ്രസാദ്, സിജി അജിത് കുമാർ,ടിവി ഷൈൻ,ജീജ ശിവൻ, സി എസ് മണികണ്ഠൻ,കെ വി സുകുമാരൻ, പിസി മണികണ്ഠൻ, മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ കമല ശ്രീകുമാർ,മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പനക്കൽ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ കെ വാസൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാനീഷ് കെ രാമൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി വി സഹദേവൻ, മുഹമ്മദാലി കണിയാർക്കോട്, സിഎസ് സിദ്ധാർത്ഥൻ, മോഹൻദാസ് പുലാക്ക പറമ്പിൽ, എം വി ജയരാജൻ, ജയരാമൻ അണ്ടേഴത്ത്, ശ്രീദേവി സദാനന്ദൻ, അജിത് കുമാർ, ഷിബു കായന പറമ്പിൽ, എം വി വൈഭവ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.
