വാടാനപ്പള്ളി : പൊലിസിന്റെ കണ്ണുവെട്ടിച്ച് രാത്രിയിൽ വാടാനപ്പള്ളി പൊലിസ് സ്റ്റേഷന് സമീപമുള്ള കടയുടെ പൂട്ട് തകർത്ത് മോഷ്ണം. 18000 ലധികം രൂപയും ഐസ്ക്രീമും കവർന്നു. പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള എരയേടത്ത് പ്രവീണിന്റെ ഉടമസ്ഥയിലുള്ള നന്ദന സ്റ്റോഴ്സ് കടയിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ണം നടന്നത്.
കടയുടെ രണ്ട് പൂട്ടുകളും തന്ത്രപൂർവ്വം പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കൾ മേശയിലെ പേഴ്സിൽ സൂക്ഷിച്ചിരുന്ന 10200 രൂപയും പ്രവീണിന്റെ ഭാര്യ നാലര വർഷമായി കുടുക്കയിൽ ശേഖരിച്ചു വന്നിരുന്ന നോട്ടുകളും മേശയിൽ ഉണ്ടായിരുന്ന 20, 10 രൂപ നോട്ടുകളും ഐസ്ക്രീമും കഴിഞ്ഞ ദിവസം 1800 രൂപക്ക് വാങ്ങി വെച്ചിരുന്ന ബീഡിയുമാണ് കവർന്നത്. പൈസ എല്ലാം കൂടി 18000 ലധികം രൂപ വരുമെന്ന് പ്രവീൺ പറഞ്ഞു.
കട തുറക്കാൻ വന്നപ്പോഴാണ് പ്രവീൺ മോഷ്ണ വിവരം അറിയുന്നത്. പൊലിസ് സ്റ്റേഷന് ഏകദേശം 35 മീറ്ററോളം അടുത്താണ് കട . സമീപമാണ് കിഴക്കേ ടിപ്പു സുൽത്താൻ റോഡും തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയും. വാഹന തിരക്കും പൊലീസ് സ്റ്റേഷൻ അടുത്ത് ഉണ്ടായിട്ടുപോലുമാണ് മോഷ്ണം നടന്നത്. മോഷ്ണം നടന്നിട്ടും ഇതൊന്നും പൊലീസ് അറിഞ്ഞില്ലത്രെ. സമീപത്തെ ക്ഷേത്രത്തിലെ ഭണ്ഡാരം മുമ്പ് പല തവണ തകർത്ത് പണം കവർന്നതിൽ പൊലീസിന് നേരെ വിമർശനം നിലനിൽക്കുമ്പോഴാണ് സ്റ്റേഷന് സമീപം കടയിൽ കവർച്ച നടന്നത്.
സമീപം സി.സി.സി.ടി കാമറ ഉള്ളപ്പോഴാണ് ഇത് വകവെക്കാതെയുള്ള മോഷ്ണം. പ്രവീൺ നൽകിയ പരാതിപ്രകാരം കേസ് അന്വേക്ഷണത്തിന്റെ ഭാഗമായി പൊലിസ് സി.സി.ടി.വി. കാമറ പരിശോധിച്ചപ്പോൾ പുലർച്ചെ രണ്ടിന് ഒരു ഓട്ടോറിക്ഷ കടക്ക് സമീപം വന്ന് നിൽക്കുന്ന ദൃശ്യം കാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്
