വാടാനപ്പള്ളി : നടുവിൽക്കരയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് വീണ്ടും പണം കവർന്നു. പുഴയോരത്തെ വന്നേരി കുടുംബ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി മോഷ്ണം നടന്നത്. മതിൽ ചാടി അകത്ത് കയറിയ മോഷ്ടാവ് ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളാണ് പൊളിച്ച് പണം കവർന്നത്.
മോഷ്ടാവ് വരുന്നതും പണം കവർന്ന് പോകുന്ന ദൃശ്യവും സമീപം സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഏപ്രിൽ പത്തിനും അതിന് മുമ്പ് പല തവണയും മോഷ്ണം നടന്നിട്ടും മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മോഷ്ണം വർധിച്ചതോടെയാണ് ക്ഷേത്രത്തിന് സമീപം സി.സി.ടി.വി. കാമറ സ്ഥാപിച്ചത്.
വാടാനപള്ളി പൊലീസിൽ പരാതി നൽകിയിട്ടും പൊലിസ് തിരിഞ്ഞു നോക്കിയില്ലെന്നും അന്വേക്ഷണത്തിൽ തികഞ്ഞ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ക്ഷേത്ര ഭാരവാഹികൾ കുറ്റപ്പെടുത്തി. സി.സി.ടി.വി. കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടാൻ നടപടിയില്ലെന്നാണ് ആക്ഷേപം.
