ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊല കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി വിവരം. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് പ്രേംകുമാറിനെ കണ്ടെത്തിയത്. വിവരം ഉത്തരാഖണ്ഡ് പൊലീസാണ് പ്രേംകുമാറിന്റെ മകളെ വിവരമറിയിച്ചത്.
എന്നാൽ മരിച്ചത് പ്രേംകുമാർ തന്നെയാണോ എന്നത് സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും ഡൽഹിയിലുള്ള അന്വേഷണ സംഘം ഇന്ന് ഉത്തരാഖണ്ഡിലെത്തി സ്ഥിരീകരണം നടത്തുമെന്നും തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. പ്രേംകുമാറിനായി പൊലീസ് സംഘം ഡൽഹിയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രേംകുമാറിന്റെ മകൾക്ക് ഉത്തരാഖണ്ഡ് പൊലീസിന്റെത് എന്നവകാശപ്പെടുന്ന കോൾ ലഭിച്ചത്.
ആധാർ കാർഡിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞു എന്നായിരുന്നു മകളെ അറിയിച്ചത്. എന്നാൽ കൊലപാതകം ചെയ്ത ശേഷം രക്ഷപെടുന്നതിലുള്ള പ്രതിയുടെ വൈദഗ്ധ്യം മുൻപ് വ്യക്തമായതിനാൽ പൊലീസ് സംഘം ബോഡി തിരിച്ചറിഞ്ഞ ശേഷം മാത്രമാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തുക.
