കയ്പമംഗലം : ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം. ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. ലോക്കർ തുറക്കാൻ കഴിയാത്തതിനാൽ സ്വർണ്ണാഭരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അലമാരയിലെ ഏതാനും വെള്ളി ആഭരണങ്ങളാണ് മോഷ്ടാവ് കൊണ്ട് പോയത്.
ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തിരക്കേറിയ മൂന്നുപീടിക സെൻ്ററിലാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഈ ജ്വല്ലറിയിൽ മൂന്നാം തവണയാണ് ചുമർ തുരന്ന് മോഷണം നടക്കുന്നത്. 2007ൽ നടന്ന മോഷണത്തിൽ സ്വർണ്ണമടക്കം ആഭരണങ്ങൾ കവർന്നിരുന്നു. കഴിഞ്ഞ വർഷം സമാനമായ മോഷണത്തിൽ വെള്ളിയാഭരണങ്ങൾ മാത്രമാണ് നഷ്ടമായത്. നാളിതുവരെയായിട്ടും കേസിലെ പ്രതികളെ പിടികൂടാനാകാതിരിക്കുമ്പോഴാണ് മൂന്നാംമതും മോഷണം നടന്നിരിക്കുന്നത്.
കയ്പമംഗലം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജ്വല്ലറിയിലെ സിസിടിവി കാമറയിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 2.45 നാണ് മോഷണം നടന്നിട്ടുള്ളത്. മോഷണത്തിലെ ദൃശ്യങ്ങളിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് മനസ്സിലാകുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി കയ്പമംഗലം പോലീസ് പറഞ്ഞു. .</p>
