തൃശൂർ : കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ മാർ അപ്രേം മെത്രാപോലീത്ത (85) കാലം ചെയ്തു. രാവിലെ 9.58നായിരുന്നു അന്ത്യം. തൃശൂർ സൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മാർ ഔഗിൻ കുര്യാക്കോസ് മെത്രാപോലീത്തയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
ഇടവിട്ട് ഹീമോഡയാലിസിസ് ആവശ്യമായിരുന്ന തിരുമേനി ഐ.സി.യു കിടക്കയിൽ കിടന്നുതന്നെ ഡയാലിസിസിന് വിധേയനാവുകയായിരുന്നു. സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ടി.ടി. പോളിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് തിരുമേനിയുടെ ചികിത്സക്ക് നേതൃത്വം നൽകിയിരുന്നത്. തിരുമേനിയുടെ ശാരീരിക അവസ്ഥ ദുർബലമാണെന്നും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പള്ളികളിൽ വിശ്വാസികളെ അറിയിക്കുന്നതിനായി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ബുള്ളറ്റിൻ ഇറക്കിയിരുന്നു.
തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13-നാണ് ജനിച്ചത്. ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യനാമം. 1965 ജൂൺ 13-ന് പട്ടം സ്വീകരിച്ച് വൈദികശുശ്രൂഷയിൽ പ്രവേശിച്ചു. സാംസ്കാരിക – സാഹിത്യമേഖലയിൽ ഒട്ടനവധി സംഭാവനകൾ അപ്രേം തിരുമേനിയുടേതായുണ്ട്.
ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
