തൃശ്ശൂർ : ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി ജില്ലാ നേതാക്കളുടെ വീട്ടിൽ പോലീസ് നടത്തുന്ന പരിശോധനയ്ക്കെതിരെയായിരുന്നു മാർച്ച്. പ്രിന്‍റു മാഷിനെ വിട്ടു തരില്ല, സംരക്ഷിക്കും’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു മാർച്ച്.
സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവ് പ്രിന്‍റു മഹാദേവനെ തിരഞ്ഞാണ് ബിജെപി തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയത്. മാർച്ചിനിടെ പ്രവർത്തകർ ബാരിക്കേഡുകള്‍ മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
പ്രിന്റു മഹാദേവിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു, ഇതും പോലീസ് തടഞ്ഞിരുന്നു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതേ സമയം പ്രിന്‍റു മഹാദേവിനുവേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതായാണ് വിവരം.
