ചാവക്കാട് : ദേശീയപാത 66 ഒരുമനയൂർ മാങ്ങോട്ട് സ്കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 7 30 ആയിരുന്നു അപകടം. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആണ് അമിത വേഗതയിൽ വന്ന് മുമ്പിൽ പോകുകയായിരുന്ന കാറിനു പുറകിൽ ഇടിച്ചത്. കാർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ബസ് സൈഡിലെ കാനക്കു മുകളിലേക്ക് കയറി സ്ലാബ് തകർന്നു ബസ്സിന്റെ മുൻചക്രം അടിയിൽപ്പെട്ടു. ഡ്രൈനേജിലെ സ്ലാബുകൾ കമ്പികളില്ലാതെയാണ് വാർത്തിട്ടുള്ളത് നാട്ടുകാർ പറയുന്നു.
ഇതുമൂലം വാഹനങ്ങൾ സ്വാബിന് മുകളിലേക്ക് കയറിയാൽ തകർന്നു അടിയിൽ പെടുകയാണ്. വൻ അപകടങ്ങളാണ് ഇതുമൂലം സംഭവിക്കാൻ സാധ്യത. കരാർ കമ്പനികളുടെ അശാസ്ത്രീയ നിർമ്മാണങ്ങളും അഴിമതികളും ആണ് ഇതിനു കാരണം. ബന്ധപ്പെട്ട ദേശീയ പാത ഉദ്യോഗസ്ഥർ കരാർ കമ്പനികളിൽ നിന്നു വൻതോതിൽ കൈക്കൂലി വാങ്ങി ദേശീയപാതയിലെ നിർമ്മാണങ്ങൾ അശാസ്ത്രീയമായി പ്രവർത്തനങ്ങൾ നടത്തുന്നതിന് കൂട്ടുനിൽക്കുകയാണെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട് .
ദിനംപ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്ന സർവീസ് റോഡ്സൈഡുകളിലെ കാനകളുടെ സ്ലാബുകളാണ് ഒരു കമ്പിക്കഷണങ്ങൾ പോലും ഇല്ലാതെ വാർത്ത് കാനകൾക്ക് മുകളിൽ മൂടിയിട്ടുള്ളത്.
