ഇരിങ്ങാലക്കുട : സാമൂഹ്യ വിമർശനം ആദ്യമായി സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നത് “പാവങ്ങൾ” എന്ന നോവലിലാണെന്ന് കാലടി സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ “പാവങ്ങൾ” മലയാള വിവർത്തനത്തിൻ്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നീതിയും നിയമവും തമ്മിലുള്ള വൈരുദ്ധ്യമാണ് പാവങ്ങളിലെ മുഖ്യ പ്രമേയം. സാമൂഹ്യ പരിവർത്തനത്തിൻ്റെ കാലത്ത് അതിന് അനുസൃതമായ ഒരു ലോകവീക്ഷണത്തെ ഈ നോവലിൽ കണ്ടെത്തുകയായിരുന്നു നാലപ്പാട്ട് നാരായണമേനോൻ വിവർത്തനത്തിലൂടെ ചെയ്തത്. ലോകത്ത് ദാരിദ്ര്യവും പട്ടിണിയും സ്ത്രീപീഡനവും ആത്മഹത്യകളും നില നിൽക്കുന്ന കാലത്തോളം “പാവങ്ങൾ” എന്ന നോവലിൻ്റെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാലക്കുടി പനമ്പിള്ളി കോളേജ് മലയാളം വിഭാഗത്തിൻ്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ വകുപ്പ് മേധാവി ഡോ. കെ ഷിജു അധ്യക്ഷത വഹിച്ചു. തുമ്പൂർ ലോഹിതാക്ഷൻ രചിച്ച കുട്ടികൾക്കു വേണ്ടിയുള്ള പാവങ്ങൾ പുനരാഖ്യാനം ഡോ.സുലോചന നാലപ്പാട്ട് കുമാരി ആർച്ച നിഷാദിന് നൽകി പ്രകാശനം ചെയ്തു.
നാലപ്പാട്ട് കുടുംബത്തിലും കൽക്കത്തയിലുമുള്ള തൻ്റെ ജീവിതാനുഭവങ്ങൾ ഡോ.സുലോചന പങ്കുവച്ചു.
ഗ്രാമിക പ്രസിഡൻ്റ് പി.കെ.കിട്ടൻ സുലോചന നാലപ്പാട്ടിനെ ആദരിച്ചു. പി ബി ഹൃഷീകേശൻ, എൻ ബി ലക്ഷ്മി, തുമ്പൂർ ലോഹിതാക്ഷൻ, ഡോ.വടക്കേടത്ത് പത്മനാഭൻ, അനീഷ് ഹാറൂൺ റഷീദ് എന്നിവർ സംസാരിച്ചു.
