ഒല്ലൂർ : വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞ കേസിലെ പ്രതി പിടിയിൽ. പെരുവാംകുളങ്ങരയിലുള്ള യുവാവിൻെറ വീട്ടിലേക്ക് നാടൻ ബോംബ് എറിഞ്ഞ ശേഷം ഒളിവിൽ പോയ പ്രതിയായ പൂത്തോൾ സ്വദേശിയായ താന്നിക്കൽ വീട്ടിൽ ആകാശ് (33) എന്നയാളാണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്.
2025 ജൂൺ 20 രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പെരുവാംകുളങ്ങരയിലുള്ള നിധിൻ എന്നയാളുടെ വീട്ടിലേക്ക് രാത്രി 11 മണിയോടെ കാറിൽ എത്തിയ ഒരു സംഘം ആളുകൾ നാടൻ ബോംബ് എറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ ഒല്ലൂർ പോലീസ് സ്ഥലത്തെത്തുകയും മേൽ കാര്യത്തിന് FIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിൻെറ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിൽ കൃത്യത്തിന് ഉപയോഗിച്ച വാഹനം ബാംഗ്ലൂർ നിന്നും കണ്ടെത്തുകയും പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.
രണ്ടാം പ്രതി നെടുപുഴ സ്വദേശി ആരോമലിനെ പോലീസ് നേരത്തെ തന്നെ പിടികൂടി യിരുന്നുവെങ്കിലും ഈ കൃത്യത്തിൻെറ സൂത്രധാരനായ ആകാശ് ഒളിവിൽ തന്നെയായിരുന്നു. പിന്നീട് ഒല്ലൂർ പോലീസ് നടത്തിയ കൃതൃതയും, സ്ഥിരതയുമാർന്ന അന്വേഷണത്തിനൊടുവിലാണ് മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതിരുന്ന പ്രതിയെ തമിഴ് നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞതിന് ശേഷം തൃശ്ശൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചയുടൻ തന്നെ ഒല്ലൂർ പോലീസ് പിടികൂടുകയായിരുന്നു. എന്നാൽ പോലീസ് പിന്തുടരുന്നുണ്ടെന്ന വിവരം മനസ്സിലാക്കിയ പ്രതി സുഹൃത്തിന്റെ വാഹനത്തിൽ കയറി രക്ഷപെടാൻ ശ്രമിക്കവേ അന്വേഷണസംഘം അതി സാഹസികമായി കീഴ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ എസ് പി സുധീരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഒല്ലൂർ ഇൻസ്‌പെക്ടർ ബൈജു, സബ് ഇൻസ്‌പെക്ടർമാരായ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ എം എ അജിത്, വി എ മാധവൻ, സിവിൽ പോലീസ് ഓഫീസർമാരായ കെ എൻ നിരാജ്മോൻ, പി പി അജിത്, എസ് വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.
