ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി മെഷീനുകൾ സൂക്ഷിക്കുന്ന തൃശൂർ റൂറൽ പൊലീസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും ഒന്നാംഘട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി.
പോളിംഗിന് മുൻപും ശേഷവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിൽ പതിവ് പോലെതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ട്രോങ് റൂമുകളുടെ സുരക്ഷയ്ക്കായി സായുധരായ പൊലീസുദ്യോഗസ്ഥരെ ഗാർഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രവേശന കവാടത്തിലും സ്ട്രോങ് റൂമുകളിലും പരിസരങ്ങളിലും മറ്റ് പ്രധാന ഭാഗങ്ങളിലും 24 മണിക്കൂറും സി.സി.ടി.വി. നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
തൃശൂർ റൂറൽ ബോംബ് സ്ക്വാഡിലെ ജിഎസ്ഐ അജയഘോഷ്, ജി.എസ്.സി.പി.ഒ. കമൽകൃഷ്ണ, സിപിഒ ബിലഹരി, തൃശൂർ റൂറൽ കെ.9 സ്ക്വാഡിലെ ജിഎസ്ഐ വേണുഗോപാലൻ, ജി.എസ്.സി.പി.ഒ. സുജീഷ്, സിപിഒ ബിപിൻദാസ് എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്. തൃശൂർ റൂറൽ കെ.9 സ്ക്വാഡിലെ ഡോഗ് നമ്പർ 294 സ്വീറ്റിയാണ് പരിശോധനയിൽ പങ്കെടുത്തത്.
