തൃശൂർ : ആൾക്കൂട്ട ആക്രമണത്തിൽ മരണപ്പെട്ട റാം നാരായൺ ബഗേലിന്റെ കുടുംബാംഗങ്ങളും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായി റവന്യൂ,ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തി. മലയാളക്കരയ്ക്കു തന്നെ വളരെ അപമാനകരമാകുന്ന സംഭവമാണ് ഉണ്ടായതെന്നും റാം നാരായൺ ബഗേലിന്റെ മരണം അത്യന്തം ഗൗരവത്തോട് കൂടി തന്നെയാണ് സർക്കാർ കാണുന്നതെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.
ഈ വിഷയത്തിൽ കേസിന്റെ കാര്യവും സർക്കാർ ഗൗരവമായാണ് കാണുന്നത്. തെഹ്സിൽ പൂനെവാലെ കേസുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഗൈഡ്ലൈനുകളും അനുസരിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിശ്ചയിച്ചിട്ടുണ്ട്. ഇതിനകം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും മനസ്സിലാക്കുന്നു. വംശീയ ആക്ഷേപം ഉണ്ടായിട്ടുള്ള ഒരു വിഷയമാണോ എന്നത് ആധികാരികമായി സ്ഥിരീകരിക്കേണ്ടത് എസ് ഐ ടി യും ബന്ധപ്പെട്ടവരുമാണ്. എസ് ഐ ടി വളരെ കൃത്യമായ അന്വേഷണം നടത്തും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരാളെയും വെറുതെ വിടില്ല. പഴുതടച്ച അന്വേഷണം നടത്തുമെന്നതിൽ നിന്നും ഏതെങ്കിലും വിധത്തിലുള്ള ഒരു പിന്നോട്ട് പോക്കുമില്ലെന്നും മന്ത്രി പറഞ്ഞു.
എസ് സി എസ് ടി വിഭാഗത്തിന് നേരെയുള്ള ആക്രമണം ഉൾപ്പെടെ സെക്ഷൻ 103(2) യിൽ പെടുത്തി കൈകാര്യം ചെയ്യുന്നതടക്കം 2023 ലെ സുപ്രീം കോടതി വിധിന്യായ പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ച് പോരുന്നതെന്നും സർക്കാർ ഗൗരവമായി ഈ പ്രശ്നം എടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അക്കാര്യത്തിൽ തുടർച്ചയായ അന്വേഷണം വേണമെന്നുളള അവരുടെ അഭിപ്രായം ഗൗരവമായി കണക്കിലെടുക്കുന്നതായും മന്ത്രി പറഞ്ഞു.
2023 ലെ സുപ്രീം കോടതി കേസുമായി ബന്ധപ്പെട്ട് ഇത്തരം വിഭാഗത്തിൽപ്പെടുന്ന ആളുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഗൗരവമായി കാണുകയും അതുമായി ബന്ധപ്പെട്ട ഗൈഡ്ലൈനുകൾ നടപ്പാക്കുന്നതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെത്തിച്ചേരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ അതിഥിതൊഴിലാളികളായി കാണുന്ന സർക്കാരാണിതെന്നും തദ്ദേശീയരായ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും അതിഥി തൊഴിലാളികൾക്കും നൽകണമെന്ന് നിലപാടെടുത്ത സർക്കാരാണെന്നും
അത്തരത്തിൽ എല്ലാ പരിരക്ഷയും ലഭ്യമാക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയെന്നും ആ ഉറപ്പുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭ്യമാക്കാവുന്ന സഹായം നൽകുന്ന കാര്യം കാബിനറ്റ് ഗൗരവമായി പരിഗണിക്കും. 10 ലക്ഷം രൂപയിൽ കുറയാത്ത സഹായം വേണമെന്ന ബന്ധപ്പെട്ടവരുടെ അഭിപ്രായം ഗൗരവമായി കാണുമെന്നും അക്കാര്യം അതേ ഗൗരവത്തിൽ കാബിനറ്റിൽ അവതരിപ്പിച്ചു ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.
ഈ പണം അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ വാങ്ങി അവകാശികളാണെന്ന് ഉറപ്പ് വരുത്തി അവരുടെ കൈയ്യിൽ തന്നെ ആ പണം എത്തിക്കുന്നതിനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ചിലവുകൾ വഹിക്കുന്നതടക്കം നടപടിക്രമങ്ങൾ സ്വീകരിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു. റാം നാരായണൻ ബഗേലിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാരെന്നും ഇങ്ങനെയൊരു സംഭവം മേലിൽ ഉണ്ടാവാതിരിക്കാൻ കർശനമായിട്ടുള്ള, മാതൃകാപരമായിട്ടുള്ള, പഴുതടച്ചുള്ള അന്വേഷണവും ശിക്ഷയും ഉറപ്പാക്കാനായിരിക്കും സർക്കാരും പോലീസും ശ്രമിക്കുക എന്നും മന്ത്രി പറഞ്ഞു.
