NCT
KeralaNewsThrissur News

ക്രിസ്തുമസ് പുതുവത്സരാഘോഷം : വിപുലമായ സുരക്ഷയൊരുക്കി തൃശൂർ റൂറൽ പൊലീസ്.

ഇരിങ്ങാലക്കുട : ക്രിസ്തുമസും പുതുവത്സരവും ആഘോഷിക്കുന്നതിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ സുരക്ഷാ- ഗതാഗത ക്രമീകരണങ്ങൾ ഒരുക്കി തൃശൂർ റൂറൽ പൊലീസ്.

ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇത്തവണ സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്റ്റേഷൻ പരിധിയും രണ്ട് സെക്ടറുകളായി തിരിച്ച് കാൽനട പട്രോളിംഗ്, ബൈക്ക് പട്രോളിംഗ്, മൊബൈൽ യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെ 24 മണിക്കൂറും ശക്തമായ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും.

സുരക്ഷ ശക്തമാക്കുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം കൂടുതൽ ശക്തമാക്കും. ജനക്കൂട്ടം കൂടുതലായി പ്രതീക്ഷിക്കുന്ന മേഖലകൾ, പ്രധാന റോഡ് ജംഗ്ഷനുകൾ, ആഘോഷ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും ഡ്രോൺ നിരീക്ഷണം വിപുലീകരിക്കും. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണം ശക്തമാക്കും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പിങ്ക് പൊലീസ് സേവനം കൂടുതൽ സജീവമാക്കും.

ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ സബ് ഡിവിഷനുകളിൽ പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സുകളെ വിന്യസിച്ച് അടിയന്തിര സാഹചര്യങ്ങളിൽ അതിവേഗ ഇടപെടൽ ഉറപ്പാക്കും. മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, ഗതാഗത നിയമലംഘനങ്ങൾ, അനുവദനീയതയ്ക്കുമപ്പുറം യാത്രക്കാരെ കയറ്റൽ, ഹെൽമറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയാൽ കർശന നിയമനടപടികൾ സ്വീകരിക്കും.

അനധികൃത മദ്യം, സ്പിരിറ്റ്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, രാസലഹരികൾ തുടങ്ങിയവയുടെ വിൽപ്പന, ഉപയോഗം, കടത്ത് എന്നിവ തടയുന്നതിനായി ഡാൻസാഫ് മഫ്തിയിൽ ജില്ലയിലുടനീളം വ്യാപക റെയ്ഡുകളും നിരീക്ഷണവും നടത്തും.

ക്രിസ്തുമസ് – പുതുവത്സരത്തിന് മുന്നോടിയായി പ്രത്യേക പരിശോധനകളും ഉണ്ടാകും.
ഗുണ്ടകൾ, സ്റ്റേഷൻ റൗഡികൾ, സ്ഥിരം കുറ്റവാളികൾ, സാമൂഹ്യവിരുദ്ധർ എന്നിവരെ കർശന നിരീക്ഷണ വിധേയരാക്കി പ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളവർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കും. പ്രധാന റോഡുകളിലും ഇടറോഡുകളിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള അനധികൃത പാർക്കിംഗ് ഒരു കാരണവശാലും അനുവദിക്കില്ല.

നിയമലംഘനം നടത്തുന്ന വാഹന ഉടമകൾക്കും കടയുടമകൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും. അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ പാർക്കിംഗ് അനുവദിക്കൂ. ക്രിസ്തുമസ് ദിനത്തിലെ പാതിരാ കുർബാനയോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പ്രധാന ആരാധനാലയങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും.

പാതിരാ കുർബാനയ്ക്ക് മുമ്പും ശേഷവും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും, ആരാധനാലയങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും ഇടറോഡുകളിലും കർശന വാഹന പരിശോധന നടത്തുകയും ചെയ്യും. പാർക്കിംഗ് ക്രമീകരണങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് ഗതാഗത തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും.
കൂടാതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് സുരക്ഷിതമായി ആരാധനയിൽ പങ്കെടുക്കാൻ പിങ്ക് പൊലീസ് സേവനവും സജീവമാക്കും.

ഡിസംബർ 31ന് ഉച്ചയ്ക്ക് ശേഷം പ്രധാന കേന്ദ്രങ്ങളിൽ പരിശോധനകൾ ആരംഭിക്കും.
ഡിസംബർ 31 ഉച്ച മുതൽ 2026 ജനുവരി 1 രാവിലെ വരെ രണ്ട് ഷിഫ്റ്റുകളായി സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും ശക്തമായ പരിശോധന തുടരും.
വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്ന മേഖലകളിൽ അധിക പൊലീസ് സേനയെ വിന്യസിക്കും. അടിയന്തിര സാഹചര്യങ്ങളിൽ അതിവേഗ ഇടപെടലിന് സ്ട്രൈക്കിംഗ് ഫോഴ്സുകൾ സജ്ജമായി നിലനിൽക്കും.

ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.പി. ടി.എസ്. സിനോജ്, ഡി.വൈ.എസ്.പി. പി.ആർ. ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), ഡി.വൈ.എസ്.പി. പി.സി. ബിജുകുമാർ (കൊടുങ്ങല്ലൂർ), വി.കെ. രാജു (ചാലക്കുടി) എന്നിവർ വിവിധ മേഖലകളിലെ സുരക്ഷാ ചുമതലകൾക്ക് മേൽനോട്ടം വഹിക്കും. സമാധാനപരവും സുരക്ഷിതവുമായ ആഘോഷങ്ങൾ ഉറപ്പാക്കുന്നതിനായി ജനങ്ങൾ പൂർണ്ണ സഹകരണം നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചു.

Related posts

എം.ഡി.എം.എ യുമായി ഒളരി സ്വദേശി പിടിയിൽ.

murali

നാട്ടിക നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.സി. മുകുന്ദൻ പര്യടനം നടത്തി.

murali

ബൈക്ക് യാത്രികൻ മരിച്ചു..

murali
error: Content is protected !!