തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പ്രതിയുടെ വീട്ടിലേക്ക് പലപ്രാവശ്യം വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അഭിനന്ദ്, (22) കലകല്ല് ഹൗസ്, ചെമ്പൻ കണ്ടം, പുത്തൂർ എന്നയാളെ/യാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി നമ്പർ 2 (പോക്സോ ) ജഡ്ജ് 51 വർഷം കഠിനതടവിനും 3 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചത്.
കുട്ടി പഠനത്തിൽ പിറകിലേക്ക് ആയതിനെ തുടർന്ന് കുട്ടിയെ സ്കൂളിൽ കൗൺസിലിംങ്ങ് നടത്തിയപ്പോഴാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങൾ അറിയുന്നത്. വിവരമറിഞ്ഞ് സ്കൂൾ അധികൃതർ ഒല്ലൂർ പോലീസിനെ വിവരം അറിയിച്ചതിന് ഭാഗമായി അന്നത്തെ ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ടി പി ഫർഷാദ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കവിത, സബ് ഇൻസ്പെക്ടർ ശ്രീകാന്ത് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥന് സഹായികളായി പ്രവർത്തിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ തെളിവിലേക്കായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിത കെ എ, അഡ്വക്കേറ്റ് ഋഷിചന്ദ് എന്നിവർ ഹാജരായി. കോർട്ട് ലൈസൺ ഓഫീസർ സീനിയർ സിവിൽ പോലീസ് ഓഫീസർ സംഗീത് എംഡി പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
