കയ്പമംഗലം : എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ അതോറിറ്റി മെയിന്റനൻസ് ജോലികൾക്കായി എത്തിച്ച ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന കാസ്റ്റ് അയൺ സ്പെഷൽസ് മോഷ്ടിച്ച കേസിൽ ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതി പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരെയും,
മോഷണമുതലുകൾ വാങ്ങിയ രണ്ട് ആക്രിക്കട ഉടമകളായ വലപ്പാട് കഴിമ്പ്രം സ്വദേശി പുതുവീട്ടിൽ അനിൽ (46), തമിഴ്നാട് പൊള്ളാച്ചി സ്വദേശി കാളിമുത്തു (57) എന്നിവരെയുമാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഗോകുൽ, സന്ദീപ് എന്നിവർ ചേർന്ന് മോഷ്ടിച്ച കാസ്റ്റ് അയൺ സ്പെഷൽസ് അനിൽ, കാളിമുത്തു എന്നിവവരുടെ ആക്രിക്കടകളിലാണ് വിറ്റിരുന്നത്. തൃശ്ശൂർ റൂറൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ കടകളിൽ നിന്നും മോഷണമുതലുകൾ കണ്ടെത്തുകയായിരുന്നു. മോഷണം പോയ സാധനങ്ങളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇവ വാങ്ങിയതിനാണ് അനിലിനെയും കാളിമുത്തുവിനെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്‌ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
കയ്പമംഗലം പോലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ ഫാതിൽ റഹ്‌മാൻ, ജി എസ് ഐ ജെയ്‌സൻ, ജി എ എസ് ഐ മാരായ ജോബി, രമേഷ്, ജി എസ് സി പി ഒ മാരായ സുനിൽകുമാർ, ജോസഫ്, സിനോജ്, റഹിം, സി പി ഒ ശരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
