തൃശൂർ : 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 30 വർഷം തടവും പിഴയും. കുഴിക്കാട്ടുകോണം സ്വദേശി വടക്കാഞ്ചേരി വീട്ടിൽ വിഷ്ണു (28) വിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.. 30 വർഷം കഠിനതടവിനും 5,50,000 രൂപ പിഴ ഒടുക്കാനുമാണ് ജഡ്ജി രമ്യ മേനോൻ ഉത്തരവിട്ടത്.
അന്നത്തെ ചേർപ്പ് പോലീസ് ഇൻസ്പെക്ടർ സന്ദീപ് എം.പി.യാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് ഡി.വൈ.എസ്.പി ടി.കെ. ഷൈജു അന്വേഷണം ഏറ്റെടുക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 32 പ്രധാന രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സൂരജ് കെ. കോടതിയിൽ ഹാജരായി. ജി.എസ്.ഐ സുമൽ, ജിബിൻ കെ. ജോസഫ്, സിന്റി എന്നിവർ അന്വേഷണ സംഘത്തെ സഹായിച്ചു.
