കയ്പമംഗലം സ്വദേശി സീന ഷുക്കൂർ രചിച്ച “കടലാസു തോണികൾ” എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർ പ്രകാശനം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് നിർവ്വഹിച്ചു. ഏഴു ചെറുകഥകളടങ്ങിയ പുസ്തകമാണ് കടലാസുതോണികൾ.
മുഖ്താർ ഉദരം പൊയിൽ അവതാരിക എഴുതിയ പുസ്തകം ബുക്ക് പ്ലസ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടത്തും. സീന ഷുക്കൂറിന്റെ രണ്ടാമത്തെ പുസ്തകമാണ് കടലാസു തോണികൾ. 55 കവിതകളടങ്ങിയ “നിന്നിലേക്കുള്ള ദൂരം” ആയിരുന്നു ആദ്യ പുസ്തകം.
കയ്പമംഗലം സ്വദേശിയായ സീന ഷുക്കൂറും ഭർത്താവ് മുഹമ്മദ് ഷുക്കൂറും കുടുംബ സമേതം യു.എ.ഇയിലെ ഫുജൈറയിലാണ് താമസം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള സീന ഷുക്കൂർ അധ്യാപിക, സൈക്കോളജിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. നിരവധി ചെറു കഥകളും കവിതകളും എഴുതിയിട്ടുണ്ട്.
