NCT
KeralaNewsThrissur News

23 കിലോ കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ.

ചാലക്കുടി : വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലയിലെ പ്രധാന സഞ്ചാര പാതകൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനകൾക്കിടയിൽ

ചാലക്കുടി ഡി വൈ എസ് പി കെ സുമേഷിൻ്റെ നേതൃത്വത്തിൽ കൊടകരയിൽ ദേശീയപാതയോട് ചേർന്ന ബസ് സ്റ്റോപ്പിന് സമീപം സംശയാസ്പദമായി കണ്ട ആളിൽ നിന്നും 23 കിലോയോളം കഞ്ചാവ് പിടികൂടി. അൻപതിലേറെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പിൽ വീട്ടിൽ ഷാജി എന്ന പൂപ്പത്തി ഷാജി (66) യാണ് പിടിയിലായത്.

ഇയാൾക്ക് പട്ടിക്കുട്ടി ഷാജിയെന്നും വിളിപ്പേരുണ്ട്. ഒറീസയിൽ നിന്ന് ട്രെയിൻ മാർഗ്ഗവും ബസ് മാർഗ്ഗവും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചാലക്കുടിയിലും പരിസരങ്ങളിലും വിതരണം ചെയ്യാൻ എത്തിച്ചപ്പോഴാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം.

കൊടകരയിൽ വന്നിറങ്ങി ഓട്ടോറിക്ഷ കാത്ത് നിൽക്കവേയാണ് ഷാജിയെ പോലീസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷോൾഡർ ബാഗും മറ്റൊരു വലിയ ബാഗുമായി നിൽക്കുകയായിരുന്നു ഇയാൾ. പോലീസിനെകണ്ട് ബാഗുകളുമായി ഒളിക്കാൻ ശ്രമിച്ചതാണ് പിടിക്കപ്പെടാൻ ഇടയാക്കിയത്.

കുപ്രസിദ്ധ ലഹരി വ്യാപാരിയായ ബോംബെ തലയൻ ഷാജിയുടെ അടുത്ത സുഹൃത്തും ലഹരിക്കടത്തിൽ കൂട്ടാളിയുമാണ് പൂപ്പത്തി ഷാജി. തുടർച്ചയായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉൾപ്പെട്ട കേസുകളിലെ പ്രതിയായ ബോംബെ തലയൻ ഷാജിയെ അടുത്തയിടെ കരുതൽ തടങ്കലിലാക്കിയിരുന്നു.

ലഹരി വിരുദ്ധ നടപടിയായ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്‌ടോറോപിക് സബ്‌സ്റ്റൻസസ് (പി ഐ ടി എൻ ഡി പി എസ്) നിയമ പ്രകാരമാണ് കരുതൽ തടങ്കലിലടച്ചത്.
തൃശ്ശൂർ റൂറൽ ജില്ലയിൽ ആദ്യമായാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിയെ കരുതൽ തടങ്കലിലാക്കിയത്.

കഞ്ചാവ്, മറ്റ് പുകയില ഉത്പന്നങ്ങൾ, ലഹരിവസ്തുക്കൾ, മോഷണം എന്നവയുൾപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ നവനീത് ശർമ ഐപിഎസ് എന്നിവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിൻ്റെതായിരുന്നു നടപടി.

ബോംബെ തലയൻ ഷാജിക്കൊപ്പം മൂന്നു പതിറ്റാണ്ടോളമായി സജീവ ലഹരിക്കടത്തു സംഘാംഗമായി പ്രവർത്തിക്കുന്ന പൂപ്പത്തി ഷാജിക്ക് അൻപതിലേറെ കേസുകളുണ്ട്.
2020 നവംബർ മാസത്തിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയോടൊപ്പം പിടിയിലായതിനെ തുടർന്ന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷാവിധി പ്രകാരം കുറച്ചുനാൾ ജയിലിൽ കിടന്ന ശേഷം അപ്പീൽ ജാമ്യത്തിലിറങ്ങി വീണ്ടും ബോംബെ തലയൻ ഷാജിക്കൊപ്പം കഞ്ചാവ് കടത്തലിൽ വ്യാപൃതനാവുകയായിരുന്നു.

ഷാജിയെ പിടികൂടി കഞ്ചാവ് കണ്ടെടുത്ത അന്വേഷണ സംഘത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ഉല്ലാസ്കുമാർ, ചാലക്കുടി സിഐ എം കെ സജീവ്, കൊടകര സിഐ പി കെ ദാസ്, എസ് ഐമാരായ എൻ പ്രദീപൻ, വി പി അരിസ്റ്റോട്ടിൽ, എൻ എസ് റെജിമോൻ, ഡാൻസാഫ് അംഗങ്ങളായ വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, ഷീബ അശോകൻ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ എഎസ്ഐ സജു പൗലോസ്, കെ പി ബെന്നി, സീനിയർ സിപിഒ പി എ പ്രതീഷ്, സൈബർസെൽ ഉദ്യോസ്ഥരായ സനൂപ്, സിൽജോ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ വിമൽ എന്നിവരാണ് ഉണ്ടായിരുന്നത്.

ചാലക്കുടി സിഐയാണ് പ്രതിയുടെ ദേഹ പരിശോധന നടത്തിയത്. കൊടകര പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി സോമൻ, മൂന്നാം വാർഡ് മെമ്പർ സിബി തുടങ്ങിയവരും സംഭവസ്ഥലത്ത് സന്നിഹിതരായിരുന്നു. കഞ്ചാവുമായി പിടിയിലായ ഷാജിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.

Related posts

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 27 കാരന് 50 വർഷം, കഠിന തടവും 2,50,000 രൂപ പിഴയും.

murali

ന്യൂമോണിയ: നാട്ടികയിൽ ആറു ദിവസത്തിനിടെ ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു.

murali
error: Content is protected !!