കൊടുങ്ങല്ലൂര്‍ : ഫയര്‍ എന്‍.ഒ.സി ലഭ്യമായ പി.ഡബ്യു.ഡി കെട്ടിടം അടിയന്തരമായി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് വിട്ടുനല്‍കാനും പ്രവര്‍ത്തനമാരംഭിക്കാനും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍ദ്ദേശം നല്കി. തൃശ്ശൂര്‍ ജില്ലയിലെ ആരോഗ്യമേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
2022 ല്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 5 നിലകളിലായായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായിരുന്നു. ഫയര്‍ എന്‍.ഒ.സി ലഭ്യമാകാത്തതിനാല്‍ പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. 2024 നവംബറില്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പുതിയ കെട്ടിടത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനുശേഷം എല്ലാ മാസത്തെയും ജില്ലാ ഹെല്‍ത്ത് റിവ്യുവില്‍ ഇതൊരു പ്രധാന വിഷയമായിരുന്നു.
പുതിയ ആശുപത്രി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി ജില്ലാ കളക്ടറും കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ഭരണസമിതിയും നിരന്തരമായ ഇടപെടല്‍ നടത്തിയിരുന്നു. ഫയര്‍ എന്‍.ഒ.സി ലഭ്യമാകുന്നതിന് തടസ്സമായിരുന്ന പുതിയ കെട്ടിടത്തിലെ പോര്‍ച്ചിലെ റൂഫ് മാറ്റിയാണ് ഫയര്‍ എന്‍.ഒ.സി ലഭ്യമാക്കിയത്. എന്‍.ഒ.സി ലഭ്യമായതിനാല്‍ പുതിയ കെട്ടിടം പൂര്‍ണ്ണമായും പ്രവര്ത്തനമാരംഭിക്കാനാവും. 2025-26 ബഡ്ജറ്റില്‍ ഈ ആശുപത്രിയുടെ വികസനത്തിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ ആരോഗ്യമേഖലയിലെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി. ഡി.എം.ഒ ഡോ. ടി.പി ശ്രീദേവി, വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പി.ഡ.ബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
