ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ വട്ടപറമ്പിൽ അമീഷിനെ കൊടുവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ആളൂർ പൊരുന്നംകുന്ന് പൊന്മിനിശ്ശേരി വീട്ടിൽ ജിന്റോ ജോണി(36)നെയാണ് പിടികൂടിയത്.
ഈ കേസിലെ പ്രതികളെ കൃത്യം നടന്ന സ്ഥലത്തേക്ക് വാഹനത്തിൽ എത്തിക്കുകയും കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തതിനാണ് ജിന്റോയെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം.
അമീഷിന്റെ വീട്ടിലേക്ക് കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറിയ നാൽവർ സംഘം അമീഷിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച അമീഷിന്റെ ചേട്ടൻ്റെ ഇടതു കൈയ്യിലെ വിരലുകൾ അറ്റുപോയി ഗുരുതരമായി പരിക്കേറ്റിരുന്നു. അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുൺ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവർ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്.
ഈ കേസിലെ പ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്ന മിഥുൻ, ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്ന അരുൺ, ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ, ആളൂർ ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിക് എന്നിവരെ നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്.
ജിന്റോ ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയണ്. ഇയാൾക്കെതിരെ 2017ൽ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചാ കേസും, രണ്ട് വധശ്രമ കേസും, കൊരട്ടി സ്റ്റേഷനിൽ ഒരു കവർച്ചാക്കേസും, 2021ൽ ചാലക്കുടി സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ചതിനുള്ള കേസും, 2023ൽ മാള സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 6 ക്രിമിനൽ കേസുകൾ ഉണ്ട്. ആളൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, എസ്.ഐ. സുരേന്ദ്രൻ, സി.പി.ഒ.മാരായ ജിബിൻ ബിലഹരി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
