ചാലക്കുടി മേലൂരിൽ പ്രായമായ സ്ത്രീയെ ഒന്നര ദിവസം ഓൺലൈനിൽ വീഡിയോ കോളിൽ ബന്ദിയാക്കി ഓൺലൈൻ തട്ടിപ്പ്. പോലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിൽ എത്തിയ ആളാണ് പണം തട്ടിയത്.മേലൂർ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്.
ട്രീസയുടെ ഐഡിയ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പോലീസ് നടപടി ആണെന്നും പറഞ്ഞാണ് 40,000 രൂപ തട്ടിയെടുത്തത്. സന്ദീപ് കുമാർ എന്നയാൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സമ്പാദിക്കുന്ന പണത്തിന്റെ വിഹിതം വിദേശ രാജ്യങ്ങളിൽ നിന്നും ട്രീസയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ അക്കൗണ്ട്ലേക്ക് അയയ്ക്കുന്നു എന്നു തങ്ങൾ കണ്ടെത്തി എന്നായിരുന്നു പോലീസ് വേഷത്തിൽ എത്തിയ ആൾ പറഞ്ഞത്.
വീഡിയോ കോളിൽ പോലീസ് വേഷം ധരിച്ചെത്തിയ അക്കൗണ്ടിലേക്ക് 2,60,000 രൂപ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ ട്രീസ ചെക്ക് എഴുതി ബാങ്കിൽ നൽകിയെങ്കിലും കെ വൈ സി ചെയ്യാത്ത അക്കൗണ്ട് ആയതിനാൽ ബാങ്ക് പണം ട്രാൻസ്ഫർ ചെയ്യാൻ വിസമ്മതിച്ചു. തുടർന്ന് തട്ടിപ്പുകാർ നൽകിയ വിവിധ യുപിഐ നമ്പറുകളിലേക്കായി 40,000 രൂപ അയച്ചു കൊടുക്കുകയായിരുന്നു.
വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദ്ദേശമെന്നും ട്രീസ പറയുന്നു.ഇവരുടെ മക്കൾ വിദേശത്തായതിനാൽ ഒരു ബന്ധു മാത്രമാണ് വീട്ടിൽ ഒപ്പമുള്ളത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും ട്രീസ വ്യക്തമാക്കി.
