അരിമ്പൂർ : കുന്നത്തങ്ങാടിയിൽ സ്വകാര്യ കെട്ടിടത്തിൻ്റെ നടവഴിയിൽ പലയിടത്തായി രക്തം കണ്ടെത്തിയത് ആശങ്കക്കിടയാക്കി. കെട്ടിടത്തിന്റെ 15 മീറ്ററിൽ അധികം നീളമുള്ള വരാന്തയിലും ഗോവണിയിലുമാണ് ശനിയാഴ്ച രാവിലെ രക്തം കണ്ടത്.
ഹൈടെക് മെഡിക്കൽ ലാബ്, കെഎസ്എഫ്ഇ കുന്നത്തങ്ങാടി ശാഖ ഓഫീസ്, തൃശൂർ താലൂക്ക് ചെത്തു തൊഴിലാളി സംഘത്തിൻ്റെ നീതി മെഡിക്കൽ സ്റ്റോർ, കംപ്യൂട്ടർ സെൻറർ തുടങ്ങിയ സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
സംഭവമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചോരയിൽ ചവിട്ടി തെരുവ് നായകൾ ഓടിയതും പോലീസിനെ കുഴയ്ക്കുന്നു. അപകടകാരികളായ നായ്ക്കളെ ആരെങ്കിലും അപായപ്പെടുത്തിയതാകാം എന്നാണ് പോലീസ് സംശയിക്കുന്നത്.
എന്നാൽ കെട്ടിടത്തിന് സമീപത്തെ പൈപ്പിൻ ചുവട്ടിലും രക്തം കണ്ടെത്തിയതോടെയാണ് നാട്ടുകാർക്ക് സംശയമേറിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിൻ്റെ ശ്രമം .
