അന്തിക്കാട് : ചെമ്മാപ്പിള്ളി വടക്കുമുറി സ്വദേശി കൊണ്ടറപ്പശ്ശേരി വീട്ടിൽ നിതീഷ് 42 വയസ്സ് എന്നയാളെ ചെമ്മാപ്പിള്ളി നാല് സെന്റ് ഉന്നതിയിൽ വെച്ച് വടി കൊണ്ടും കൈ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച സ്റ്റേഷൻ റൗഡിയായ എസ്കോബർ എന്നറിയപ്പെടുന്ന തൃപ്രയാർ കിഴക്കേ നട സ്വദേശി മാളുത്തറ വീട്ടിൽ സനത്ത് 22 വയസ്സ്, ഇയാളുടെ സഹോദരൻ സന്ദീപ് 28 വയസ്സ്,
ചെമ്മാപ്പിള്ളി വടക്കുമുറി സ്വദേശി വടക്കുംതുള്ളി വീട്ടിൽ ഷാരോൺ 41 വയസ്സ്, ചാഴൂർ സ്വദേശി അടിയാറ വീട്ടിൽ നവനീത് 19 വയസ്സ്, താന്ന്യം സ്വദേശി ചാരിച്ചെട്ടി വീട്ടിൽ അഭിജിത്ത് 18 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
പരാതിക്കാരനായ നീതീഷിന്റെ അമ്മയെക്കുറിച്ച് പ്രതിയായ സനത്ത് മോശമായി പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്താലാണ് പ്രതികൾ നിതീഷിനെ തടഞ്ഞു നിർത്തി ആക്രമിച്ചത്. സനത്തിനെ തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജി ഹരിശങ്കർ ഐ പി എസ് ന്റെ കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് പ്രകാരം തൃശ്ശൂർ റവന്യൂ ജില്ലയിൽ ആറുമാസക്കാലത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതും
തുടർന്ന് 2025 സെപ്റ്റംബർ 26 ന് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നതുമാണ്. ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാണ് സനത്ത് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ഈ സംഭവത്തിന് സനത്തിനെതിരെ കാപ്പ നിയമപ്രകാരമുള്ള ജ്മ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസും എടുത്തിട്ടുണ്ട്.
സനത്ത് അന്തിക്കാട് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ ഒരു കേസ്സിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
ഷാരോൺ വലപ്പാട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസ്സുകളിലും, കുറ്റകൃത്യത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി മുൻകരുതൽ അറസ്റ്റ് ചെയ്ത കേസിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
സന്ദീപ് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിൽ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കേഴ്സൻ വി മാർക്കോസ് ,സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, ജി എസ് ഐ മാരായ ജോസഫ് തോമസ്, ഉണ്ണിക്കൃഷ്ണൻ, എസ് സി പി ഒ സജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
