ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മറ്റൊരു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ആമ്പല്ലൂർ വെണ്ടൂർ സ്വദേശി അവസ്തേ പറമ്പിൽ മനോജ് (53) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് സമീപം താമസിക്കുന്ന എളത്തിക്കൽ സണ്ണി (55) യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് സ്വകാര്യ ബസുകളും രണ്ട് ബൈക്കുകളുമാണ് അപകടത്തിൽപ്പെട്ടത്.
ദേവമാതാ (ഐശ്വര്യ) എന്ന ഓർഡിനറി ബസ്സും, പൂമല എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് കൂട്ടിയിടിച്ചത്. മുമ്പിൽ പോയ ഓർഡിനറി ബസ്സ് പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ പിന്നിൽ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന് ബ്രേക്ക് കിട്ടാതെ ഓർഡിനറി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഈ രണ്ടു ബസ്സുകൾക്കും ഇടയിലായി രണ്ട് ബൈക്കുകളിൽ വന്നിരുന്ന രണ്ടു പേർക്കാണ് അപകടം സംഭവിച്ചത്. ആയൂർവേദ മെഡിക്കൽ റപ്രസ്റ്റൻവ് ആയി ജോലി ചെയ്ത് വരുകയായിരുന്നു മനോജ്. ഇരിങ്ങാലക്കുട പോലീസ് അപകട സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
