ചേർപ്പ് : പെരുവനം പൂരം നാളെ (ബുധനാഴ്ച) ആഘോഷിക്കും. വൈകീട്ട് മുതൽ പിറ്റേന്ന് രാവിലെ വരെ നീളുന്ന പൂരത്തിൽ നടവഴിയിലെ എഴുന്നള്ളിപ്പും മേളവും ക്ഷേത്രത്തിനകത്തെ വിളക്കാചാരവുമാണ് പ്രധാനം. പ്രമുഖരായ പ്രാമാണികർ നയിക്കുന്ന പാണ്ടി, പഞ്ചാരി മേളങ്ങളും പഞ്ചവാദ്യവും തലയെടുപ്പുള്ള ആനകളും പൂരത്തെ പ്രൗഢമാക്കും.
ഉച്ചതിരിഞ്ഞ് നാലിന് കടലാശ്ശേരി പിഷാരിക്കൽ ഭഗവതിയുടേതാണ് ആദ്യ എഴുന്നള്ളിപ്പ്. ശേഷം ആറാട്ടുപുഴ ശാസ്താവ് എഴുന്നള്ളും. എതിരേനിന്ന് ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാൾ ഭഗവതിയുമൊന്നിച്ചുള്ള നടവഴികയറ്റം. ശേഷം ഊരകം അമ്മത്തിരുവടി ചാത്തക്കുടം ശാസ്താവുമൊന്നിച്ചുള്ള എഴുന്നള്ളിപ്പും
തുടർന്ന് ചേർപ്പ് ഭഗവതി അയ്‌കുന്ന് ഭഗവതിയുമൊന്നിച്ച് എഴുന്നള്ളിപ്പും. രാത്രി 12-നാണ് മതിൽക്കെട്ടിനുള്ളിലെ വിളക്ക്. പെരുവനം പൂരത്തിൽ പങ്കെടുക്കുന്ന 18 ദേവീദേവന്മാരിൽ 11 പേർ വിളക്കിൽ പങ്കെടുക്കും. ബുധനാഴ്ച രാവിലെ മുതൽ ചമയപ്രദർശനം.
