NCT
KeralaNewsThrissur News

ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍: ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകള്‍ കേരളാത്തീരം വിട്ടുപോകാന്‍ നിര്‍ദേശം.

തൃശൂര്‍ : ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്കാണ് മണ്‍സൂണ്‍ക്കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രിക്ക് മുമ്പായി തൃശൂര്‍ ജില്ലയുടെ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഇതരസംസ്ഥാന യന്ത്രവത്കൃത ബോട്ടുകളും കേരളാത്തീരം വിട്ടുപോകണമെന്ന് ജില്ലാതല യോഗത്തില്‍ നിര്‍ദേശം നല്‍കി. മറ്റ് ബോട്ടുകള്‍ അതാത് ബേസ് ഓഫ് ഓപ്പറേഷനില്‍ ആങ്കര്‍ ചെയ്യേണ്ടതുമാണ്. പരമ്പരാഗത വള്ളങ്ങള്‍ ഉപയോഗിച്ചുള്ള ട്രോളിങും ഈ കാലയളവില്‍ അനുവദിക്കില്ല.

ട്രോളിങ് നിരോധന സമയത്ത് കടലില്‍ പോകുന്ന ഒരു വലിയ വള്ളത്തോടൊപ്പം (ഇന്‍ബോര്‍ഡ് വള്ളം) ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. ഇവയുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് മത്സ്യഭവന്‍ ഓഫീസില്‍ യാനം ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.

ടോളിങ് നിരോധന കാലയളവില്‍ ജില്ലയുടെ തീരപ്രദേശത്തും ഹാര്‍ബറുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് യാതാരു കാരണവശാലും ഇന്ധനം നല്‍കരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ കായലിനോടോ, ജെട്ടിയോടോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കരുത്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കാം.

2024 ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ രണ്ടു ബോട്ട് ക്വട്ടേഷന്‍ പ്രകാരം വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. എട്ട് സീ റസ്‌ക്യൂ ഗാര്‍ഡ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.

അഴീക്കോട് കേന്ദ്രമായി ആരംഭിച്ച ബേസ് സ്റ്റേഷനില്‍ ട്രോള്‍ബാന്‍ കാലയളവ് അവസാനിക്കുന്നതുവരെ കടല്‍ പട്രോളിങ് നടത്തേണ്ട സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പിനെ സഹായിക്കാനും ക്രമസമാധാനപാലനം നിര്‍വഹിക്കുന്നതിനും ആവശ്യമായ പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. ഇവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുന്നതിന് സിറ്റി പോലീസ് കമ്മിഷണര്‍ക്കും തീരദേശ പോലീസിനും നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ലാന്റിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും.

ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെയ്ക്ക ണം. ഇനിയും കളര്‍ കോഡിങ് പൂര്‍ത്തിയാക്കാത്ത ബോട്ടുകള്‍ പൂര്‍ണമായും ഇവ പൂര്‍ത്തിയാക്കണം.

തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും നല്‍കിവരുന്ന സൗജന്യ റേഷന്‍ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിന് ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയുടെ തീരപ്രദേശത്ത് കോസ്റ്റല്‍ പട്രോളിങ് ശക്തമാക്കുന്നതിന് റൂറല്‍ ജില്ലാ പോലീസ് ചീഫ്, സിറ്റി പോലീസ് കമ്മിഷണര്‍, തീരദേശ പോലീസ് എന്നിവരെ നിയോഗിച്ചു.

ജില്ലയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ മെയ് 15 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമായ ഫിഷറിസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യങ്ങളില്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലും, കോസ്റ്റ് ഗാര്‍ഡ് ടോള്‍ ഫ്രീ നമ്പറിലും ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസുകളിലും ബന്ധപ്പെടാം. ഫിഷറീസ് സ്റ്റേഷന്‍, അഴീക്കോട് – 0480 2996090.

മഴക്കാലപൂര്‍വ ശുചീകരണം സംബന്ധിച്ച് തീരദേശങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കിയിട്ടുണ്ട്. ഹാര്‍ബര്‍ ശുചീകരണവും നടത്തി. വള്ളങ്ങള്‍ കെട്ടിയിടുമ്പോള്‍ അതിലെ ടയറുകളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളര്‍ന്ന് ഡെങ്കിപനി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഈ ടയറുകളില്‍ ചെറിയ ദ്വാരം ഉണ്ടാക്കി വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി.

ജുവനൈല്‍ ഫിഷിങിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത യൂണിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വളം നിര്‍മിക്കുന്നതിനായി ചെറുമീനുകളെ പിടിക്കുന്നത് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പരിശോധിച്ച് നടപടിയെടുക്കണം. ചേറ്റുവ കേന്ദ്രീകരിച്ച് കോസ്റ്റല്‍ ഗാര്‍ഡ് സംരക്ഷണം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. മുരളി അധ്യക്ഷനായി. അസിസ്റ്റന്റ് കലക്ടര്‍ (യു.ടി) അതുല്‍ സാഗര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി സുഗന്ധകുമാരി, അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

സി എ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിഹാസ് ബഷീറിനെ അനുമോദിച്ചു.

murali

ചെന്ത്രാപ്പിന്നിയിൽ ലോഡിറക്കുന്നതിനിടെ കമ്പി ദേഹത്ത് വീണു എൻ.എച്ച്‌. പണിക്കാരൻ മരിച്ചു.

murali

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali
error: Content is protected !!