June 23, 2024
NCT
KeralaNewsThrissur News

ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന വിരുതൻ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ..

ഇരിങ്ങാലക്കുട : ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന വിരുതൻ അവസാനം ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായി. കേസിലെ ഒന്നാം പ്രതി പാല സ്വദേശി അഭിലാഷിനെ (52) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മ ഐ പി എസ്സിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട എസ് ഐ എം അജാസുദ്ദീൻ അറസ്റ്റു ചെയ്തു. രണ്ടാം പ്രതി അങ്കമാലി മറ്റൂർ സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽ കിഷോർ (40) മുമ്പേ പോലീസിൻ്റെ പിടിയിലായിരുന്നു.

കഴിഞ്ഞ ജനുവരി ഇരുപതാം തിയ്യതി രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് തെക്കു ഭാഗത്തു താമസിക്കുന്ന മാരാത്ത് കലവാണി വീട്ടിൽ ഗീതയുടെ (57) ആറു പവനോളം സ്വർണ്ണ മാലയാണ് അന്ന് ബൈക്കിൽ എത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്.

വീട്ടിൽ നിന്ന് ഉണ്ണായിവാരിയർ സ്മാരക നിലയം റോഡിലൂടെ അമ്പലത്തിലേക്ക് അയൽവാസിയായ സ്ത്രീയോടൊപ്പം നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഈ സമയം അതുവഴി ബൈക്കിൽ വന്ന അഭിലാഷും കിഷോറും സ്ത്രീകളെ കണ്ടതോടെ കുറച്ചു ദൂരം മുന്നോട്ടു പോയി തിരിച്ചെത്തി മാല പൊട്ടിച്ചെടുത്തു കടന്നു കളയുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് അന്നു രാത്രി തന്നെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. ജനുവരി പത്തൊൻപതാം തിയ്യതി അങ്കമാലിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ മാല പൊട്ടിക്കാൻ ഇറങ്ങിയത്. ഇരിങ്ങാലക്കുടയിലും, ഗുരുവായൂരിലും കറങ്ങിയതിനു ശേഷം ഇരുപതാം തിയ്യതി രാവിലെ ഇരിങ്ങാലക്കുടയിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് മാല മോഷണം നടത്തിയത്.

സംഭവശേഷം രാത്രി അങ്കമാലിയിൽ തിരിച്ചെത്തിയ കിഷോറും അഭിലാഷും പോലീസ് തങ്ങളെ തേടി എത്തുമോ എന്നറിയാൻ ഏറെ നേരം ടൗണിൽ തന്നെ കഴിച്ചു കൂട്ടി. അർദ്ധരാത്രിയോടെയാണ് കിഷോറിൻ്റെ വീട്ടിലെത്തിയത്. പിറ്റേന്ന് തന്ത്രപൂർവ്വം സ്വർണ്ണമാല വില്പന നടത്തി. അങ്ങനെ കിട്ടിയ പണം ഇരുവരും പങ്കിട്ടെടുത്ത് പിരിയുകയായിരുന്നു.

അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തന്നെ ബൈക്ക് മോഷ്ടിച്ച കേസിൽ കിഷോർ അങ്കമാലി പോലീസിൻ്റെ പിടിയിലായി. കിഷോറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും അഭിലാഷിനെയാണ് കിഷോർ പഴിചാരിയത്. കിഷോർ പിടിയിലായ വിവരം അറിഞ്ഞതോടെ നാടുവിട്ട അഭിലാഷിനെ തേടി പോലീസ് സംഘം വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. പോലീസ് പിടിക്കുമെന്ന ഭയത്താൻ ഇയാൾ പഴനി, മധുര, ട്രിച്ചി എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിലും, മോഷണ കേസുകളിലും പ്രതികളാണ് ഇരുവരും. തൻ്റെ താലിമാല മോഷ്ടാക്കൾ കൊണ്ടു പോയതോടെ വളരെ വിഷമത്തിലായിരുന്നു ഇരിങ്ങാലക്കുട സ്വദേശിനിയായ ഗീത. എന്നും “തൻ്റെ മാല കിട്ടുമോ” എന്നു പോലീസുകാരോട് വിളിച്ചു ചോദിക്കാറുള്ള ഇവർ ഹൃദയാഘാതത്തെ തുടർന്ന് ഇതിനിടെ മരണപ്പെടുകയും ചെയ്തു.

ഈ ദുഃഖവാർത്തയറിഞ്ഞ് പോലീസുകാരും മനോവിഷമത്തിലായിരുന്നു. എങ്ങിനെയും നഷ്ടപ്പെട്ട സ്വർണ്ണമെങ്കിലും പ്രതികളിൽ നിന്ന് കണ്ടെത്തി കൊടുക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു പോലീസിൻ്റെ അന്വേഷണ സംഘം. ഇതിനിടെ എറണാകുളത്തെത്തിയ അഭിലാഷിനെ കഴിഞ്ഞയാഴ്ച്ച തൃപ്പൂണിത്തുറയിൽ നിന്ന് ഒരു മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഹിൽപാലസ് പോലീസ് അറസ്റ്റു ചെയ്തു.

ഈ കേസിൽ ജയിലിലായിരുന്ന ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഇരിങ്ങാലക്കുടയിലെ മാല മോഷണക്കേസിലെ വിശദ വിവരങ്ങൾ പുറത്തു വന്നത്. മോഷണം പോയ സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം വിസമ്മതിച്ച ഇയാൾ അന്വേഷണ സംഘത്തിൻ്റെ ഏറെ നേരത്തെ വിശദമായ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്.

രണ്ടാം പ്രതി കിഷോറിൻ്റെ നേതൃത്വത്തിലായിരുന്നു സ്വർണ്ണം മഞ്ഞപ്രയിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയത്. വീടു പണിക്കെന്ന ആവശ്യം പറഞ്ഞാണ് മോഷണമുതൽ വിൽപ്പന നടത്തിയതത്രേ. കാലടി സ്റ്റേഷനിൽ പത്തും അങ്കമാലിയിൽ ആറും കേസുകൾ അടക്കം ഇരിങ്ങാലക്കുട, തടിയിട്ടപറമ്പ്, പെരുമ്പാവൂർ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണ് കിഷോർ.

മതിലകം,അന്തിക്കാട്, കായംകുളം, കൂത്തുപറമ്പ്, എളവംതിട്ട, മണ്ണഞ്ചേരി, അങ്കമാലി, മുളംതുരുത്തി, കാലടി, ഒറ്റപ്പാലം, ആലപ്പുഴ നോർത്ത്, മരാരിക്കുളം, അരൂർ, കതിരൂർ, തലശ്ശേരി, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ അഭിലാഷും പ്രതിയാണ്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിൽ, എസ് ഐ എം അജാസുദ്ദീൻ, കെ ആർ സുധാകരൻ, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, എം ആർ രഞ്ജിത്ത്, രാഹുൽ അമ്പാടൻ, കെ എസ് ഉമേഷ്, എം സി ജിനേഷ്, ഷിജിൻ നാഥ്, ജിഷ ജോയി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട മുൻ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ കേസിൻ്റെ ആദ്യ ഘട്ട അന്വേഷണം.

Related posts

കുവൈറ്റ് തീപിടുത്തം; കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരണം.

murali

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali
error: Content is protected !!