അരിമ്പൂർ : ലോട്ടറി വിറ്റ് ജീവിക്കുന്ന സ്ത്രീക്ക് വ്യാജനോട്ട് കൊടുത്ത് കബളിപ്പിച്ച് ടിക്കറ്റും പണവും കവർന്നു. തൃശ്ശൂർ – വാടാനപ്പള്ളി സംസ്ഥാനപാതയിൽ അരിമ്പൂർ നാലാംകല്ല് കോവിൽറോഡിനു മുന്നിൽ വഴിയോരത്ത് കച്ചവടംചെയ്യുന്ന മനക്കൊടി നടുമുറി സ്വദേശി ആനാംപറമ്പിൽ വീട്ടിൽ കാർത്യായനി(60)യാണ് തട്ടിപ്പിനിരയായത്.
ഭർത്താവ് കൊച്ചുമോന്റെ മരണശേഷം എട്ടു മാസമായി കാർത്യായനി ലോട്ടറി വിൽക്കുന്നുണ്ട്. ബൈക്കിലെത്തിയ യുവാവാണ് ലോട്ടറി വാങ്ങിയശേഷം 500 രൂപയുടെ വ്യാജനോട്ട് നൽകിയത്. കുട്ടികൾക്കു കളിക്കാൻ അച്ചടിച്ചിട്ടുള്ള ‘ചിൽഡ്രൻസ് ബാങ്ക്’ എന്നെഴുതിയ നോട്ട് തിരിച്ചറിയാൻ കാർത്യായനിക്കായില്ല.
40 രൂപയുടെ രണ്ട് ലോട്ടറി ടിക്കറ്റ് യുവാവ് എടുത്തു. ബാക്കി 420 രൂപ യുവാവിന് നൽകി. പിന്നീട് വിൽപ്പനയ്ക്കുള്ള ലോട്ടറി എടുക്കാൻ പോയപ്പോളാണ് കബളിപ്പിക്കപ്പെട്ടതായി കാർത്യായനിക്ക് മനസ്സിലായത്.
