തൃശൂര്‍ : തന്‍റെ ചിത്രം ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറുവ സംഘാംഗം എന്ന് പ്രചരിപ്പിക്കുന്നതിനെതിരേ മരം മുറിത്തൊഴിലാളിയായ യുവാവ് രംഗത്ത്. ഇരിങ്ങാലക്കുടയില്‍ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂര്‍ കൊല്ലയില്‍ വിനോദ് (44) നിയമനടപടിക്കൊരുങ്ങുകയാണ്.
ജോലിയുടെ ഭാഗമായി ഒക്ടോബര്‍ 18ന് ആറാട്ടുപുഴ തേവര്‍ റോഡില്‍ എത്തിയപ്പോഴാണ് ദുരനുഭവങ്ങളുടെ തുടക്കം. ജനാർദനൻ എന്നയാളുടെ വീടിന്റെ പരിസരത്ത് മുറിച്ചിട്ട മരക്കൊമ്പുകൾ വിനോദ് വാങ്ങിയിരുന്നു. ഒരു ടെമ്പോയ്ക്കുള്ള മരം ഇല്ലാത്തതിനാൽ സമീപത്തെ മറ്റൊരു വീട്ടിലെ മരക്കൊമ്പുകൾകൂടി മുറിച്ച് വാങ്ങാനുള്ള ശ്രമം നടത്തി. ഇതിന്റെ ഭാഗമായി സമീപത്തെ കടയിൽ ഈ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു.
നാട്ടുകാരൻ വഴി അറിഞ്ഞ പ്രദേശത്തെ മോഷണശല്യത്തെക്കുറിച്ചും വിനോദ് കടയിൽ തിരക്കി. ഇത് നാട്ടുകാരിൽ സംശയമുണ്ടാക്കി. ഇദ്ദേഹത്തിന്റെ ചിത്രം മൊബൈലിൽ പകർത്തിയ ആരോ വാട്സ് ആപ്പ് മുഖേന സന്ദേശം പ്രചരിപ്പിച്ചു.
ചേര്‍പ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിലെ ഒരാള്‍ കാട്ടൂര്‍ സ്വദേശിയാണെന്ന് വ്യക്തമായത്. വിനോദിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വിനോദും സഹോദരനും സുഹൃത്തുക്കളും ചേര്‍പ്പ് പഞ്ചായത്തംഗവും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തന്‍റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് വിനോദിന്‍റെ തീരുമാനം.
