അന്തിക്കാട് : വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ചതായി പരാതി. മുറ്റിച്ചൂർ ബാപ്പു നഗറിൽ താമസിക്കുന്ന എലുവത്തിങ്കൽ ജോണിയുടെ മകൻ മെജോയുടെ പാസഞ്ചർ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഓട്ടോറിക്ഷ കത്തുന്ന ശബ്ദം കേട്ട് വീട്ടുകാർ വാതിൽ തുറന്ന് പുറത്തേക്ക് വരുന്നതിനുമുമ്പ് തന്നെ കത്തിച്ചവർ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം.
ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ച നിലയിലാണ്. കഴിഞ്ഞ 21 വർഷമായി ചെമ്മാപ്പിള്ളി സെൻററിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗം നടത്തുകയാണ് മെജോ. വീടിനു സമീപം കടയും മറ്റു വാഹനങ്ങളും ഉണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ ഇടപെടൽ മൂലം ഈ ഭാഗങ്ങളിലേക്ക് തീപടരുന്നത് ഒഴിവായി.
അന്തിക്കാട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടക്കുന്നതായി പോലീസ് പറഞ്ഞു. നാലര ലക്ഷം രൂപയോളം നഷ്ടം വന്നതായി മെജോ പറയുന്നു. വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
