ഇരിങ്ങാലക്കുട : ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിൽ നിന്ന് മുതിർന്ന പൗരന് നഷ്ടപ്പെടാനിരുന്നത് 11 ലക്ഷത്തി 37,788 രൂപ 50 പൈസ. ഇരിങ്ങാലക്കുടയിലെ പറപ്പൂക്കര സി.എസ്.ബി. ബാങ്ക് മാനേജരായ ആൻ മരിയാ ജോസ് ന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് മുത്രത്തിക്കര സ്വദേശിയായ 85 വയസ്സുകാരന് ഈ വലിയ തുക നഷ്ടപ്പെടാതെ രക്ഷപ്പെട്ടത്.
ഇന്ന് (2025 നവംബർ 17) രാവിലെ 11 മണിയോടെയാണ്. തന്റെ അക്കൗണ്ടിലുള്ള ₹11,37,788.50 രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടാണ് വയോധികൻ ബാങ്കിലെത്തിയത്. ഫിക്സഡ് ഡെപ്പോസിറ്റ് ഇപ്പോൾ പിൻവലിച്ചാൽ ഏകദേശം ₹35,000 നഷ്ടം വരുമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും, അതൊന്നും കാര്യമാക്കാതെ പണം എത്രയും പെട്ടെന്ന് അയക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുകയായിരുന്നു.
പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് ‘മണി ലോണ്ടറിംഗ്’ (Money laundering) കേസിൽ നിന്ന് രക്ഷപ്പെടുന്നതിനാണ് പണം അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത്. ഈ വിവരം ബാങ്ക് മാനേജരുമായി പങ്കുവെച്ചാൽ അവർ സുപ്രീം കോടതിയെ അറിയിക്കുമെന്നും, അപ്പോൾ സുപ്രീം കോടതിയിൽ നിന്ന് അറസ്റ്റ് ഉണ്ടാകുമെന്നും തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വസിപ്പിച്ചിരുന്നു.
തുടർന്ന് മാനേജർ വിശദമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒരാഴ്ചയോളമായി രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നതായും, അറസ്റ്റിൽ നിന്ന് രക്ഷിക്കാനായി ബാങ്ക് അക്കൗണ്ടിലെ പണം ‘വെരിഫൈ’ ചെയ്യാനായി അയച്ചുനൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതായും വയോധികൻ വെളിപ്പെടുത്തി.
ബാങ്ക് മാനേജർ ഉടൻതന്നെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പരാതിക്കാരനുമായി സ്റ്റേഷനിലെത്തുകയും ചെയ്തു. തുടർന്ന് എസ്.എച്ച്.ഒ. സുജിത്ത് പി എസ് പരാതിക്കാരന്റെ ഫോണിൽ നിന്ന് തട്ടിപ്പുകാരെ വീഡിയോ കോളിൽ വിളിച്ചെങ്കിലും അവർ വീഡിയോ ഓൺ ചെയ്യാതെ സംസാരിക്കുകയും, ഓൺ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കോൾ കട്ട് ചെയ്യുകയുമായിരുന്നു. പിന്നീട് ഈ രണ്ട് നമ്പറുകളും വയോധികനെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ദിവസവും രാവിലെ 9 മണി, ഉച്ചയ്ക്ക് 2 മണി, രാത്രി 9 മണി എന്നീ സമയങ്ങളിൽ ഇംഗ്ലീഷിൽ സംസാരിച്ചാണ് തട്ടിപ്പുകാർ വയോധികനെ വിശ്വസിപ്പിച്ചത്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്. ബാങ്ക് മാനേജരുടെ ജാഗ്രതയാണ് വയോധികന് വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്.
ഡിജിറ്റൽ അറസ്റ്റ് (Digital Arrest) എന്നൊരു നിയമപരമായ നടപടി ഇന്ത്യയിൽ നിലവിലില്ല.
പോലീസ്, കോടതി, സി.ബി.ഐ., ഇ.ഡി., ആർ.ബി.ഐ. തുടങ്ങിയ ഒരു സർക്കാർ ഏജൻസിയിലെ ഉദ്യോഗസ്ഥരും ഫോണിൽ വിളിച്ചോ വീഡിയോ കോളിലൂടെയോ പണം ആവശ്യപ്പെടുകയോ ഒരു പ്രത്യേക അക്കൗണ്ടിലേക്ക് കൈമാറാൻ ആവശ്യപ്പെടുകയോ ചെയ്യില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും നിയമപരമായി അധികാരമുണ്ട്.
ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയാവുകയെ അത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ വിളിച്ച് അറിയിക്കുകയും, https://cybercrime.gov.in എന്ന വൈബ് സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടതാണ്.
