കൈപ്പറമ്പ് : ലോക സമാധാനത്തിനായി ലോക മിഷൻ ജപമാലയുടെ 75 -ാം വാർഷികത്തിന്റെ ഭാഗമായി 10,000 മണികളുടെ മിഷൻ ജപമാല ആശിർവാദം കൈപ്പറമ്പ് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ സെപ്തംബർ 5 ന് (ശനിയാഴ്ച ) വൈകീട്ട് നാലുമണിക്ക് നടക്കുമെന്ന് ഇടവക വികാരി റവ. ഫാ. ഡേവീസ് ചിറമ്മൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
5 ഭൂഖണ്ഡങ്ങളെ പ്രതിനിധികരിച്ച് 5 നിറങ്ങളിലുള്ള ഷാൾ അണിഞ്ഞാണ് സമർപ്പിക്കുക. ലോകമെമ്പാടുമുള്ള മനുഷ്യർക്കായി സമർപ്പിക്കുന്ന ഒരു ആത്മീയ മിഷൻ ജപമാല സമർപ്പണവും പ്രാർത്ഥന ദൗത്യവുമാണ് 10000 മണികളുടെ ഭൂഖണ്ഡ മിഷൻ ജപമാല.
ലോകസമാധാനത്തിനായും, പരിശുദ്ധ സഭയ്ക്കും പരിശുദ്ധ മാർപാപ്പയ്ക്കും വേണ്ടിയും വൈദികർക്കും സന്യസിക്കും വേണ്ടിയും കുടുംബങ്ങൾക്കും, രോഗികൾക്കും, ദരിദ്രർക്കും, ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയും ലോകമെമ്പാടും സമാധാനം ഐക്യം രോഗശാന്തി മാനസാന്തരം എന്നിവയ്ക്കായുമാണ് ജപമാല സമർപ്പണം സംഘടിപ്പിക്കുന്നത്.
ദേവാലയത്തിൽ വിശുദ്ധ മദർ തെരേസയുടെ ഊട്ടുതിരുന്നാളും അന്നേ ദിവസം നടക്കും. രാവിലെ 10.30 ന് ആലോഷമായ തിരുന്നാൾ പാട്ടുകുർബാനയും തുടർന്ന് നേർച്ച ഊട്ടും നടക്കും. ഭൂഖണ്ഡ ജപമാല യജ്ഞത്തിന്റെയും ഊട്ടുതിരുന്നാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി സെപ്തംബർ 4 വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണി മുതൽ രാത്രി
ജാഗരണ പ്രാർത്ഥനയുമുണ്ടാകും.
സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, അതിരൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ജയ്സൺ കുനംപ്ലാക്കൽ, അതിരൂപതാ മാതൃവേദി ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി എന്നിവർ ഒരുക്കപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.ഫാ. ഡേവിസ് ചിറമേൽ, കൈക്കാരൻമാരായ കെ. എ.ഡേവി,സി.എഫ്. ജോളി,കൺവീനർമാരായ എ.എ. സേവി, ബിജു ഐയ്യങ്കേരിൽ, പി.പി. യേശുദാസ്, മാർട്ടിൻ പനക്കൽ, ഡൊമനിക് ഫ്രാൻസിസ്, ഷാന്റി ബിജു, മോളി സണ്ണി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
