കുന്നംകുളം : ആർത്താറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മുതുവറ സ്വദേശി കണ്ണനെ തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്ന് വൈകിട്ട് നാലരയോടെ തെളിവെടുപ്പിനായി സംഭവം നടന്ന ആർത്താറ്റ് വീട്ടിലെത്തിച്ചു. നിർവികാരനായാണ് ഇയാൾ പെരുമാറിയത്. ഇയാൾ കൊലപാതകം നടത്താൻ ഉപയോഗിച്ച വെട്ടുകത്തി ചീരംകുളം പാടത്ത് ഉപേക്ഷിച്ചു എന്നാണ് പറഞ്ഞിട്ടുള്ളത്. ഇത് വീണ്ടെടുക്കാൻ ഉണ്ട്.
സിന്ധുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെയാണ് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്. ഇന്നലെ രാത്രി എട്ടിനാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊലപാതക ലക്ഷ്യത്തോടെയാണ് വീട്ടിലേക്ക് എത്തിയതെന്നു പോലീസ് കസ്റ്റഡിയിലായ സഹോദരീ ഭർത്താവ് കണ്ണൻ സമ്മതിച്ചു.
കൊല നടത്താനുള്ള വലിയ വെട്ടുകത്തി തൃശൂരിൽനിന്നാണു വാങ്ങിയതെന്നും ഭർത്താവ് മണികണ്ഠനുണ്ടായിരുന്നെങ്കിൽ അയാളെയും വെട്ടുമായിരുന്നെന്നും ഇയാൾ പറഞ്ഞെന്നാണു വിവരം. സ്വർണ്ണം അപഹരിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായ കൊലപാതക പ്ലാനുമായി ഇയാൾ ഇവരുടെ വീട്ടിലെത്തിയ സമയത്ത് മണികണ്ഠൻ ഉണ്ടായിരുന്നില്ല. മണികണ്ഠൻ ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് കൂടി വെട്ടേൽക്കുമായിരുന്നു.. രണ്ടു കൊലപാതകം അവിടെ നടക്കുമായിരുന്നുവത്രേ.
ബന്ധുവായതിനാൽ ഇയാൾ കയറിവരുന്നതുകണ്ടു സിന്ധുവിനു സംശയം തോന്നിയില്ല. വീട്ടിലേക്കു കയറി സംസാരം തുടങ്ങുംമുന്പേ ഇയാൾ ആഞ്ഞുവെട്ടി. വെട്ടേറ്റ ഇവർ അടുക്കളയിൽ ചെന്നു വീണു. അവിടെവച്ചും കഴുത്തിൽ തുരുതുരാ വെട്ടി. സിന്ധു ഉടനടി മരിച്ചു. പിന്നാലെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി പ്രതി രക്ഷപ്പെട്ടു.
നാട്ടിൽ വിസ ഇടപാടുകളുമായി നടന്ന ഇയാൾക്ക് അടുത്തിടെ സാന്പത്തിക ബാധ്യതയുണ്ടായി. സിന്ധു ഇടയ്ക്കിടെ ഇവരുടെ തറവാടായ മുതുവറയിലെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അവിടെ ഇവരുടെ പ്രായമായ അമ്മ ഉണ്ടായിരുന്നു. കഴുത്തിൽ ആറു പവനോളം വരുന്ന വലിയ മാലയും കയ്യിലെ സ്വർണ്ണ വളകളും അന്നുതന്നെ ഇയാൾ ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാൻ. തുടർന്നാണ് കവർച്ച പ്ലാൻ ചെയ്തിട്ടുള്ളത്..
നാട്ടുകാരുമായി ഏറെ സൗഹൃദം ബന്ധം പുലർത്തുന്ന ആളാണ് സിന്ധു.. അതുകൊണ്ടുതന്നെ അവരുടെ ഇത്തരമൊരു വിയോഗം ആർത്താറ്റ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടിലെത്തിക്കും.നാളെ രാവിലെ 9:30 നാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. ഹൈദരാബാദിലുള്ള മകൻ ആദർശ് ഇന്ന് പുലർച്ചെ എത്തി.
