കൊടകര പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വല്ലപ്പാടിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിലെ 2 പ്രതികൾ പിടിയിൽ. കാഞ്ഞിരപ്പിള്ളി പൊയ്യക്കാരൻ വീട്ടിൽ അനിൽ (24), പെരിങ്ങൽകുത്ത് സ്വദേശി അമൽ കൃഷ്ണ (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ കൊടകര വല്ലപ്പാടി ഡിവൈൻ പ്ളാസ്റ്റിക്ക് കമ്പനിക്ക് സമീപം വച്ചായിരുന്നു സംഭവം.
കൊടകര പഞ്ചായത്തിൽ കെട്ടിട നികുതി അടച്ചതിനു ശേഷം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വല്ലപ്പാടി സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിലെ 3 പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് പ്രതികൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ധൂർത്തിനും ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുമുള്ള പണം കണ്ടെത്തുന്നതിനായി ബൈക്കിന്റെ നമ്പർ പ്ലേറ്റ് തിരുത്തി ആൾ സഞ്ചാരം കുറവായ ചെറിയ വഴികളിലൂടെ സഞ്ചരിച്ച് ഇരകളെ കണ്ടെത്തി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം മാലയിൽ മുറുക്കെ പിടിച്ച് ഒച്ച വെച്ച വീട്ടമ്മയുടെ ധീരമായ ചെറുത്തുനിൽപ്പിൽ വിഫലവുകയായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2024ൽ കാഞ്ഞിരപ്പിളളിയിലുളള വീട്ടിൽ സൂക്ഷിച്ചിരുന്ന ജാതിക്കായ, ജാതിപത്രി, ജാതിഫ്ളവർ എന്നിവ മോഷ്ടിക്കാൻ ശ്രമിച്ച കേസിലും, കൊരട്ടി സ്റ്റേഷനിൽ 2021ൽ ലഹരിക്കടിമപ്പെട്ടു സ്വയം നിയന്ത്രിക്കാൻ കഴിയാതെ റോഡിൽ നിൽക്കവേ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസിലും പ്രതിയാണ് അനിൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
