ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകാതിക്രമം നടത്തി സ്വർണ്ണമാല കവർച്ച ചെയ്‌ത കേസ്സിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവും കൂടാതെ 15 വർഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ്’ വിവീജ സേതുമോഹൻ വിധി പ്രസ്താവിച്ചു.
2022 ആഗസ്റ്റ് മാസം 3 ന് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയിൽ നിന്നും ബലമായി എടുത്തു കൊണ്ടു പോയി റൂമിൽ വെച്ച് പീഢിപ്പിക്കുകയും കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല ബലമായി ഊരിയെടുത്ത് കവർച്ച നടത്തിയെന്ന് ആരോപിച്ച് ഇരിങ്ങാലക്കുട പോലീസ് ചാർജ്ജ് ചെയ്‌ത കേസ്സിൽ പ്രതിയായ പാലക്കാട് ജില്ല ആലത്തൂർ കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാർ 40 വയസ്സ് എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 29 സാക്ഷികളേയും 52 രേഖകളും 21 തൊണ്ടിവസ്‌തുക്കളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. അതിജീവിത സംഭവത്തിനുശേഷം 8 മാസത്തിനകം മരണപ്പെട്ടു പോയിരുന്നു. സംഭവ സ്ഥലത്തുനിന്നും ലഭിച്ച പ്രതിയുടെ രോമങ്ങൾ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കണ്ടെടുത്ത സ്വർണ്ണമാലയും കേസ്സിൽ പ്രധാന തെളിവായി. കൂടാതെ സംഭവ സ്ഥലത്തിന്റെ സമീപവാസിയുടെ മൊഴിയും പ്രതി സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്കും മറ്റും പ്രതിക്ക് എതിക്കെതിരായ തെളിവായി.
ഇന്ത്യശിക്ഷാ നിയമപ്രകാരം ബലാത്സംഗ കുറ്റത്തിനും കവർച്ചയ്ക്കും ഇരട്ട ജീവപര്യന്തവും ഭവനഭേദന കുറ്റത്തിന് 10 വർഷം കഠിനതടവിനും സ്ത്രീത്വത്തെ അപമാനിച്ചതിന് 5 വർഷം കഠിനതടവും കൂടാതെ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ 16 മാസത്തെ കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു.
പിഴ സംഖ്യ ഈടാക്കിയാൽ ആയത് അതി ജീവി തയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകുവാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.
