കുന്നംകുളം : ചൊവ്വന്നൂരിൽ വാടക കോട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കടന്നു കളഞ്ഞ ചൊവ്വന്നൂർ സ്വദേശി സണ്ണി (62) യെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്നാണ് ഇയാൾ രാത്രി ഏഴരയോടെ പോലീസ് പിടിയിലായത്.
എന്നാൽ മരിച്ച ആൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 7 മണിയോടെയാണ് സണ്ണി 30 വയസ്സിന് താഴെയുള്ള ഒരാളുമായി കോട്ടേഴ്സിൽ എത്തിയിട്ടുള്ളത്. ഇയാളാണ് മരണപ്പെട്ടത്. നേരത്തെ രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ് സണ്ണി.
ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് കോട്ടേഴ്സിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് അഞ്ചരയോടെ ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിൽ മൃതദേഹം കണ്ടത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പരിചയമില്ലാത്ത പലരും ഇയാളുടെ മുറിയിൽ വരാറുള്ളതായി പറയുന്നു .
