ചേർപ്പ് : കുടുംബവഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയെ പ്രശ്നം പറഞ്ഞു തീർക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോടന്നൂർ കൊല്ലടിക്കൽ വീട്ടിൽ രാഹുൽ (34) ഭാര്യ അമ്മാടം വെങ്ങിണിശേരി വിളംബത്ത് ഐശ്വര്യ (30) യെ വെട്ടി പരിക്കേൽപ്പിച്ചത്.
വഴക്കിനെ തുടർന്ന് ഐശ്വര്യ ഏഴുമാസമായി അവരുടെ വീട്ടിൽ താമസിച്ചു വരുകയായിരുന്നു. പ്രശ്നങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് ഐശ്വര്യയെകഴിഞ്ഞ ദിവസം രാത്രി അമ്മാടം ചെറാട്ട് ക്ഷേത്രത്തിന് സമീപത്തേക്ക് രാഹുൽ വിളിച്ചു വരുത്തുകയും സംസാരിക്കുന്നതിനിടയിൽ രാഹുൽ സമീപത്തെ പുല്ലിനടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വെട്ടുക്കത്തിയെടുത്ത് ഐശ്വര്യയെ വെട്ടുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ ഇടതുകാലിനാണ് വെട്ടേറ്റത്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ഐശ്വര്യ ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തുടരുകയാണ്. രാഹുൽ പോലീസ് കസ്റ്റഡിയിലാണ്.
