ബസ്സിൽ സ്ഥിരമായി മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ കൊടകര പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശിനികളായ മാരി, പഞ്ചവർണം എന്നീ യുവതികളെയാണ് കൊടകര പോലീസ് അറസ്റ്റു ചെയ്തത്.
ചെട്ടിച്ചാൽ സ്വദേശിനിയുടെ ബാഗിൽ നിന്ന് 35,000 രൂപ കവർന്ന പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി യുവതികളെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അവരുടെ യാത്രാ വഴികളിലൂടെ സഞ്ചരിച്ച് ഫോട്ടോകളും മറ്റും ശേഖരിച്ചും,
തുടർന്ന് ഇതിൽ ഒരു സ്ത്രീക്ക് സ്ഥിരമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റിലും കയറി വെള്ളവും ഭക്ഷണവും വാങ്ങുന്ന പതിവ് ഉണ്ടെന്ന് മനസ്സിലാക്കി ഇവരുടെ ദൃശ്യങ്ങൾ ഇവർ വരാൻ സാധ്യതയുള്ള പല കടകളിലും ബേക്കറികളിലും കാണിച്ചാണ് ഇവരെ കൊടകര ടൗൺ ബസ്റ്റോപ്പിൽ പിടികൂടിയത്. തുടർന്ന് ചിറ്റിലപ്പള്ളി സ്വദേശിനിയുടെയും തൃശ്ശൂരിലെ ഒരു കോൺവെന്റിലെ അന്തേവാസിയായ ഒരു സിസ്റ്ററുടെയും പരാതികളിൽമേൽ വേറെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ മേൽനോട്ടത്തിൽ കൊടകര ഇൻസ്പെക്ടർ പി. കെ. ദാസ്, എസ്ഐ സുരേഷ്, എഎസ്ഐ ബൈജു, ആഷ്ലിൻ, ഷീബ, അനിത, ബേബി, ലിജോൺ, ജെന്നി, സഹദേവൻ, സനൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
